കൊച്ചി: പിതാവിന്‍റെ പീഡനത്തിനിരയായി ഗർഭിണിയായ പത്തു വയസ്സുകാരിയുടെ ഗർഭഛിദ്രത്തിന് ഹൈകോടതിയുടെ അനുമതി.
24 ആഴ്ച വരെ വളർച്ചയുള്ള ഗർഭം അലസിപ്പിക്കാനേ നിയമം അനുവദിക്കുന്നുള്ളൂവെങ്കിലും കുട്ടിയുടെ പ്രായമടക്കം പരിഗണിച്ചുള്ള മെഡിക്കൽ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് 31 ആഴ്ച വളർച്ചയുള്ള ഗർഭം അലസിപ്പിക്കാൻ സിംഗിൾ ബെഞ്ച് അനുമതി നൽകിയത്. നിയമപരമായ സമയപരിധി കഴിഞ്ഞതിനാൽ ഗർഭഛിദ്രത്തിന് അനുമതി തേടി മാതാവാണ് ഹൈകോടതിയെ സമീപിച്ചത്.
സംഭവം അങ്ങേയറ്റം നിർഭാഗ്യകരമാണെന്ന് അഭിപ്രായപ്പെട്ട കോടതി, ഒരാഴ്ചക്കകം ഗർഭഛിദ്രം നടത്താൻ കുട്ടി ചികിത്സയിലുള്ള തിരുവനന്തപുരത്തെ ആശുപത്രി അധികൃതർക്ക് നിർദേശം നൽകി. ഹരജി നേരത്തേ പരിഗണിച്ചപ്പോൾ മെഡിക്കൽ ബോർഡിന് രൂപം നൽകിയശേഷം പരിശോധിച്ച് ഗർഭഛിദ്രത്തിനുള്ള സാധ്യതകൾ പഠിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചിരുന്നു.
പെൺകുട്ടിക്ക് പത്തുവയസ്സ് മാത്രമാണ് എന്നതിനാൽ ഗർഭാവസ്ഥ കൂടുതൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും ഗർഭഛിദ്രം നടത്താമെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകി.
ഗർഭസ്ഥ ശിശുവിന്റെ വളർച്ച 31 ആഴ്ച പിന്നിട്ടതിനാൽ അലസിപ്പിച്ചാലും കുഞ്ഞ് ജീവനോടെയിരിക്കാൻ 80 ശതമാനത്തോളം സാധ്യതയുണ്ട്. എന്നാൽ, ന്യൂറോ സംബന്ധമായ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും എൻ.ഐ.സി.യു പരിചരണം അനിവാര്യമാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. തുടർന്നാണ് അനിവാര്യമായ എല്ലാ മെഡിക്കൽ സൗകര്യങ്ങളോടെയും ഗർഭഛിദ്രം നടത്താൻ അനുമതി നൽകിയത്. ആവശ്യമെങ്കിൽ സ്പെഷലിസ്റ്റുകളുടെ സഹായം തേടാം.
ഇതിനാവശ്യമായ നടപടികൾ ഹെൽത്ത് സർവിസ് ഡയറക്ടർ സ്വീകരിക്കണം. കുഞ്ഞിന് ജീവനുണ്ടെങ്കിൽ പൂർണ തോതിലുള്ള വൈദ്യസഹായങ്ങൾ ആശുപത്രി അധികൃതർ നൽകണം.
ഹരജിക്കാർക്ക് സാധ്യമല്ലാത്തപക്ഷം ഇക്കാര്യത്തിലെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നും ഉത്തരവിൽ പറയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.