കൊച്ചി: കാസർകോട് റിയാസ് മൗലവി വധക്കേസിൽ വിചാരണ കോടതി വെറുതെവിട്ട പ്രതികൾ കാസർകോട് സെഷൻസ് കോടതിയിൽ ഹാജരായി ജാമ്യമെടുക്കണമെന്ന് ഹൈകോടതി. കേസിലെ മൂന്ന് പ്രതികളെയും വെറുതെവിട്ട സെഷൻസ് കോടതി ഉത്തരവ് ചോദ്യംചെയ്ത് സർക്കാർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
എതിർകക്ഷികളും കേസിലെ പ്രതികളുമായ അജേഷ്, നിഥിൻകുമാർ, അഖിലേഷ് എന്നിവർക്ക് നോട്ടീസ് അയക്കാനും നോട്ടീസ് ലഭിച്ച് പത്തുദിവസത്തിനകം പാസ്പോർട്ടും 50,000 രൂപയുടെ വീതം രണ്ടാൾ ജാമ്യവുമടക്കം സെഷൻസ് കോടതിയിൽ ഹാജരാകാനുമാണ് നിർദേശം. അല്ലാത്തപക്ഷം വിചാരണ കോടതിക്ക് ജാമ്യമില്ല വാറന്റ് പുറപ്പെടുവിക്കാം. പ്രതികളാക്കപ്പെട്ടവർ അപ്പീൽ പരിഗണിക്കുന്ന വേളയിൽ കോടതിയുടെ പരിധിവിട്ട് പോകുന്നില്ലെന്ന് സെഷൻസ് ജഡ്ജി ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
മാർച്ച് 30നാണ് സെഷൻസ് കോടതി മൂവരെയും വെറുതെവിട്ടത്. മതസ്പർധയുടെ ഭാഗമായി 2017 മാർച്ച് 20ന് മഥൂർ മുഹ്യിദ്ദീൻ പള്ളിയിൽ കയറി രാത്രി റിയാസ് മൗലവിയെ കൊലപ്പെടുത്തിയെന്നാണ് കേസ്.
പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകൾ ഹാജരാക്കിയിട്ടും വെറുതെവിട്ട വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധവും തെറ്റായ വിശകലനത്തിന്റെ ഫലവുമാണെന്നാണ് സർക്കാർ ഹരജിയിൽ പറയുന്നത്. മുസ്ലിം സമുദായത്തോട് വെറുപ്പ് നിറഞ്ഞ മനസ്സോടെ ഏതെങ്കിലും മുസ്ലിം വിഭാഗക്കാരനെ വധിക്കാൻ കരുതിക്കൂട്ടി മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ നടത്തിയ കൊലപാതകമാണിതെന്നാണ് അപ്പീൽ ഹരജിയിലെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.