സംസ്ഥാനത്ത് വിജിലൻസ് രാജാണോ നടക്കുന്നതെന്ന് ഹൈകോടതി

കൊച്ചി: സര്‍ക്കാറിന്‍െറ ഭരണപരമായ തീരുമാനങ്ങള്‍ പുന$പരിശോധിക്കണമെന്ന് പറയാനുള്ള അധികാരം വിജിലന്‍സിന് നല്‍കിയിട്ടുണ്ടെങ്കില്‍ കേരളത്തിന്‍െറ പോക്ക് വിജിലന്‍സ്രാജിലേക്കാണെന്ന് ഹൈകോടതി. സര്‍ക്കാറിനെ ഭരിക്കാന്‍ വിജിലന്‍സിനെ അനുവദിക്കണമോയെന്നത് സര്‍ക്കാര്‍ ആലോചിക്കണമെന്നും തീരുമാനമെടുക്കണമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

ഐ.പി.എസ് ഉദ്യോഗസ്ഥനായ ശങ്കര്‍ റെഡ്ഡിയെ മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കി വിജിലന്‍സ് ഡയറക്ടറാക്കിയതിനെതിരെ പായിച്ചിറ നവാസ് നല്‍കിയ പരാതിയില്‍, തനിക്കെതിരെ വിജിലന്‍സ് നടത്തുന്ന പ്രാഥമികാന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് വിജിലന്‍സിനെ സിംഗിള്‍ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചത്.

കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്താണ് നാല് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡി.ജി.പിമാരായി സ്ഥാനക്കയറ്റം അനുവദിച്ചത്. എന്നാല്‍, ശങ്കര്‍ റെഡ്ഡിക്ക് ഉദ്യോഗക്കയറ്റം നല്‍കിയതിനെ മാത്രമാണ് പരാതിക്കാരന്‍ ചോദ്യം ചെയ്യുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. സമാനമായ മറ്റ് സ്ഥാനക്കയറ്റങ്ങളെ എതിര്‍ക്കാത്തത് പരാതിക്കാരന്‍െറ ദുരുദ്ദേശ്യം വ്യക്തമാക്കുന്നതാണ്.

നടപടിക്രമങ്ങള്‍ പാലിച്ച് സ്ഥാനക്കയറ്റം നല്‍കുകയെന്നത് സര്‍ക്കാറിന്‍െറ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്. എന്നാല്‍, സര്‍ക്കാര്‍ നടപടി നിയമസാധുതയില്ലാത്തതാണെന്ന് തീരുമാനിക്കുകപോലും ചെയ്യുന്ന തരത്തിലേക്ക് കടന്നാണ് വിജിലന്‍സ് ഇന്‍സ്പെകടര്‍ വിനോദ് റിപ്പോര്‍ട്ട് നല്‍കിയത്. സര്‍ക്കാറിന്‍െറ ഭരണനിര്‍വഹണവും തീരുമാനങ്ങളും ചോദ്യം ചെയ്യാനോ അഭിപ്രായം പറയാനോ വിജിലന്‍സിന് അധികാരമില്ല.
ഇക്കാര്യത്തില്‍ വിജിലന്‍സ് കോടതിയും തെറ്റുവരുത്തിയിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരം തങ്ങളില്‍ അര്‍പ്പിതമായ ചുമതലയുടെ സാധ്യതയും പരിധിയും അറിയാത്തവരാണ് ചില വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജിമാര്‍. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതിന്‍െറ നിയമസാധുത തീരുമാനിക്കാന്‍ വിജിലന്‍സ് കോടതി മുതിര്‍ന്നത് നിര്‍ഭാഗ്യകരമാണ്.

വിജിലന്‍സ് കോടതികളുടെ അധികാരപരിധിയില്‍ വരുന്ന വിഷയമല്ലിത്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് തീരുമാനിക്കേണ്ടത് ഉചിതമായ മറ്റ് ഫോറങ്ങളാണ്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ തിരുത്തണമെന്ന് നിര്‍ദേശിക്കാന്‍ എന്ത് അധികാരമാണുള്ളതെന്ന് വിശദമാക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടു. പ്രാഥമികാന്വേഷണം പൂര്‍ത്തിയായെങ്കില്‍ അതിന്‍െറ ഫലമുള്‍പ്പെടുന്ന റിപ്പോര്‍ട്ടും അല്ലാത്തപക്ഷം മുന്‍ കോടതി ഉത്തരവ് പ്രകാരമുള്ള റിപ്പോര്‍ട്ടും സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

മുന്‍ സര്‍ക്കാര്‍ നല്‍കിയ സ്ഥാനക്കയറ്റങ്ങള്‍ മന്ത്രിസഭ യോഗ തീരുമാനമായതിനാല്‍ ഈ സര്‍ക്കാറും അതേപടി അംഗീകരിക്കുകയാണെന്നും നാല് പൊലീസ് ഉദ്യോഗസ്ഥരുടെയും പ്രമോഷന്‍ നിലനിര്‍ത്തിയിട്ടുമുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. ഇക്കാര്യം രേഖാമൂലം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. 

Tags:    
News Summary - high court criticize vigilance on shankar reddy appointment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.