കൊച്ചി: മൂന്നാർ ഭൂമി കൈയേറ്റം സംബന്ധിച്ച കേസിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഹൈകോടതി. വ്യാജ പട്ടയക്കേസിൽ എം.ഐ. രവീന്ദ്രനെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈകോടതി ചോദിച്ചു. മൂന്നാറിലെ ഭൂമികൈയേറ്റവും വ്യാജപട്ടയവും സംബന്ധിച്ച കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളാണ് ഹൈകോടതിയുടെ വിമർശനം.
42 ഭൂമി കേസുകളിൽ സംസ്ഥാന സർക്കാർ കോടതിയിൽ പരാജയപ്പെട്ടു. എന്നിട്ടും എന്ത് കൊണ്ട് അപ്പീൽ പോയില്ല. വ്യാജ പട്ടയ കേസിൽ വൻ അഴിമതി നടന്നുവെന്ന് ഇതിലൂടെ വ്യക്തമാണ്. അതിനാൽ സർക്കാറിന്‍റെ നിലപാട് അറിയണമെന്നും കേസിൽ സി.ബി.ഐയെ സ്വമേധയാ കക്ഷി ചേർക്കുമെന്നും ഹൈകോടതി വ്യക്തമാക്കി.
അഞ്ഞൂറോളം വ്യാജ പട്ടയമുണ്ടാക്കിയാൽ അഞ്ഞൂറിലേറെ കേസുകൾ വേണം. എന്തുകൊണ്ട് അത് ഉണ്ടായില്ലെന്നും ഹൈകോടതി ചോദിച്ചു. ഇതിൽ നിന്ന് ഉദ്യോഗസ്ഥർക്ക് ഒഴിവാകാൻ സാധിക്കില്ല. ഏതെങ്കിലും തരത്തിൽ രവീന്ദ്രന് മാത്രം വ്യാജ പട്ടയം ഉണ്ടാക്കാൻ സാധിക്കില്ല. അതിന് പിന്നിൽ മറ്റ് ചിലരുണ്ട്. അതിനാൽ, ഉദ്യോഗസ്ഥരെ ഒഴിവാക്കാനാവില്ലെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
മേയ് 28ന് മൂന്നാർ ഭൂമി കൈയേറ്റ കേസ് പരിഗണിക്കവെ സർക്കാറിനെതിരെ ഹൈകോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. മൂന്നാർ വ്യാജ പട്ടയവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളെല്ലാം റവന്യൂ വകുപ്പിന്റെ ഫയലുകളിൽ ഉറങ്ങുന്നതിനെയാണ് ഹൈകോടതി അന്ന് നിശിതമായി വിമർശിച്ചത്.
മൂന്നാറിലെ ഭൂമി കൈയേറ്റത്തിൽ കേസിൽ സർക്കാറിന് അലംഭാവമാണ് തുടരുന്നതെന്നും അതിനാൽ സി.ബി.ഐ അന്വേഷണം വേണോയെന്ന് പരിശോധിക്കുമെന്നും കോടതി അന്ന് വ്യക്തമാക്കിയത്. കൈയേറ്റം ഒഴിപ്പിക്കലിൽ സർക്കാറിന് ആത്മാർഥതയില്ല.14 വർഷമായി നടപടികൾ മുന്നോട്ട് പോകുന്നില്ലെന്നും കോടതി വിമർശിച്ചു.
ഭൂരേഖകളുടെ പരിശോധന നടക്കുന്നില്ല, പരിശോധന നടക്കരുത് എന്നാഗ്രഹിക്കുന്ന ചിലർക്ക് വേണ്ടിയാണോ ഇതെന്ന് സംശയമുണ്ട്. പിന്നിൽ ഉന്നതരായ ആരെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കേണ്ടി വരും. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കുന്നതിൽ സ്വീകരിച്ച നടപടികളെ കുറിച്ച് റിപ്പോർട്ട് നൽകാൻ മോണിറ്ററിങ് കമ്മിറ്റിയോട് ഹൈകോടതി ആവശ്യപ്പെട്ടിരുന്നു.
കലക്ടറുടെ അധ്യക്ഷതയിൽ ഒരു മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കണമെന്നും ഒഴിപ്പിക്കൽ നടപടികൾക്ക് ആവശ്യമായ പൊലീസ് സംവിധാനങ്ങൾ ഉൾപ്പടെയുള്ളവ നൽകാനുള്ള നിർദേശം മൂന്നാറിന് വേണ്ടി രൂപീകരിച്ച പ്രത്യേക ബെഞ്ച് നിർദേശിച്ചിരുന്നു. എന്നാൽ, ഉത്തരവുകളെ തുടർന്നെടുക്കാനുള്ള നടപടികളിൽ യാതൊരു പുരോഗതിയുമില്ലെന്നും ഹൈകോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.