ആലപ്പുഴ: കനത്തമഴയിൽ സ്കൂട്ടറിൽ നിന്നിറങ്ങി വഴിയോരത്ത് നിന്ന ദമ്പതികൾക്കിടയിലേക്ക് മരം വീണ് ചികിത്സയിലിരുന്ന ഭർത്താവ് മരിച്ചു. ആലപ്പുഴ ആറാട്ടുവഴി മൈഥിലി ജങ്ഷൻ സിയാദ് മൻസിലിൽ ഉനൈസ് (30) ആണ് മരിച്ചത്. നട്ടെല്ലിനും വാരിയെല്ലിനും കാലിനും പരിക്കേറ്റ ഭാര്യ അലീഷയും (25) മെഡിക്കൽ കോളജിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച രാവിലെ 11.15ന് ആലപ്പുഴ മട്ടാഞ്ചേരി പാലത്തിന് സമീപമായിരുന്നു സംഭവം. ഞായറാഴ്ച സൗദിയിൽ വെൽഡിങ് ജോലിക്കായി പോകുന്നതുമായി ബന്ധപ്പെട്ട് പേപ്പറുകൾ ശരിക്കാൻ അക്ഷയകേന്ദ്രത്തിലേക്ക് ഇരുവരും സ്കൂട്ടറിൽ പോയതിന് പിന്നാലെയായിരുന്നു അപകടം.
യാത്രക്കിടെ കനത്തകാറ്റും മഴയുമെത്തിയതോടെ സ്കൂട്ടറിൽ നിന്നിറങ്ങി വഴിയോരത്ത് നിൽക്കവെ എതിർവത്തെ കൂറ്റൻമരം കാറ്റിൽ ആടിയുലയുന്നത് കണ്ട് പേടിച്ച ഇരുവരും ഓടിമാറുന്നതിനിടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. മരത്തിന്‍റെ ചില്ലകൾ വീണ് കാലൊടിയുകയും വാരിയെല്ലിന് പരിക്കേൽക്കുകയും ചെയ്ത അലീഷയെയാണ് ആദ്യം പുറത്തെടുത്തത്.
പിന്നാലെയാണ് ശരീരം പൂർണമായും മരത്തിനടിയിലായിരുന്ന ഉനൈസിനെ രക്ഷിച്ചത്. സമീപത്തെ തടിമില്ലിൽ നിന്ന് ക്രെയിൻ എത്തിച്ച് മരംഉയർത്തി മാറ്റിയാണ് ഉനൈസിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. ഏകമകൻ: ഇഹാൻ (നാല് വയസ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.