കോഴിക്കോട്: പി.വി. അന്‍വര്‍ എം.എല്‍.എയുടെ റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട് ഹൈകോടതിയുടെ നിർദേശപ്രകാരം ജില്ല കലക്ടർ ബുധനാഴ്ച വിചാരണ നടത്തും. ടൂറിസം പദ്ധതിയുടെ ഭാഗമായി കക്കാടംപൊയിലിലെ പി.വി.ആര് നാച്വറോ റിസോര്‍ട്ടില്‍ കാട്ടരുവി തടഞ്ഞ് നിര്‍മിച്ച നാലു തടയണകള്‍ പൊളിച്ചുനീക്കാന്‍ ഹൈകോടതി ഉത്തരവിട്ടപ്പോള്‍ മണ്ണിടിച്ച് കാട്ടരുവി തന്നെ ഇല്ലാതാക്കിയെന്ന പരാതിയിലാണ് ജില്ല കലക്ടർ കക്ഷികളെ വിസ്തരിക്കുന്നത്.
ഗ്രീന്‍ മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ടി.വി. രാജന്റെ ഹരജിയില്‍ രണ്ടു മാസത്തിനകം കക്ഷികളെ കേട്ടശേഷം കലക്ടര്‍ നടപടിയെടുക്കണമെന്ന് മാര്‍ച്ച് 18ന് ജസ്റ്റിസ് മുരളി പുരുഷോത്തമന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരന് ടി.വി. രാജന്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, താമരശ്ശേരി തഹസില്‍ദാര്‍, കൂടരഞ്ഞി വില്ലേജ് ഓഫിസര്‍, പി.വി.ആര് നാച്വറോ റിസോര്‍ട്ട് മാനേജര്‍ എന്നിവരോട് രേഖകള്‍ സഹിതം കലക്ടറേറ്റില്‍ വിചാരണക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. ജൂണിൽ ഹിയറിങ്ങിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും കലക്ടറുടെ അസൗകര്യം മൂലം മാറ്റിവെക്കുകയായിരുന്നു. പി.വി. അന്‍വറിന്റെ അപ്പീല്‍ തള്ളി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈകോടതി ഡിവിഷന് ബെഞ്ച് റിസോര്‍ട്ടിലെ നാലു തടയണകളും ഒരുമാസത്തിനകം പൊളിച്ചുനീക്കാന്‍ കഴിഞ്ഞവര്‍ഷം ജനുവരി 31നാണ് ഉത്തരവിട്ടത്. തടയണകള്‍ പൊളിച്ചുനീക്കുന്നതിന്റെ മറവിലാണ് ഇരുവഴിഞ്ഞിപ്പുഴയുടെ കൈവഴിയായ കാട്ടരുവി മണ്ണിട്ട് മൂടിയത്.
തടയണകെട്ടിയ സ്ഥലത്ത് കിണര്‍ കുത്തുകയും ചെയ്തു. കാട്ടരുവിയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തി കാട്ടരുവി ഒഴുകിയിരുന്ന സ്ഥലത്ത് കോണ്‍ക്രീറ്റ് ഓവുചാലും കെട്ടിയിട്ടുണ്ട്. റിസോര്‍ട്ടിലേക്ക് നിര്‍മിച്ച റോഡ് പൊളിച്ചുനീക്കാതിരിക്കാനാണ് കാട്ടരുവിയെ കോണ്‍ക്രീറ്റ് ഓവുചാലിനുള്ളിലാക്കിയതെന്നാണ് ആരോപണം. വ്യാപകമായി മണ്ണിടിച്ചും മലയിടിച്ചും കാട്ടരുവി ഇല്ലാതാക്കി ഭൂമിയുടെ ഘടന മാറ്റിയിട്ടുണ്ടെന്ന് പരാതിക്കാരൻ സൂചിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.