കൊച്ചി: കണ്ണൂർ സർവകലാശാല വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ച നടപടി ഹൈകോടതി ഡിവിഷൻ ബെഞ്ചും ശരിവെച്ചു. 2017ൽ ഡോ. ഗോപിനാഥിന് നിയമനം നൽകുമ്പോൾ യോഗ്യത, പ്രായം എന്നിവ സംബന്ധിച്ചോ നടപടിക്രമങ്ങൾ പാലിക്കാത്തതിനെക്കുറിച്ചോ ആക്ഷേപമുണ്ടായിട്ടില്ലെന്നും പുനർ നിയമനത്തിൽ ചട്ടലംഘനമില്ലെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ഡോ. ഗോപിനാഥിന്റെ പുനർനിയമനം ചോദ്യം ചെയ്ത് നൽകിയ ഹരജി സിംഗിൾ ബെഞ്ച് തള്ളിയതിനെതിരെ കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് അംഗം ഡോ. ഷിനോ പി. ജോസ് എന്നിവർ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്.
കണ്ണൂർ സർവകലാശാല നിയമപ്രകാരം 60 വയസ്സ് കഴിഞ്ഞാൽ വി.സിയായി നിയമിക്കാനാവില്ലെന്നും നിയമനത്തിന് യു.ജി.സി മാർഗനിർദേശ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, കണ്ണൂർ സർവകലാശാല നിയമപ്രകാരം വി.സിയായി ഒരു ടേമിൽ നാലു വർഷത്തിലേറെ ഒരാൾക്ക് തുടരാനാവില്ലെങ്കിലും പുനർനിയമനത്തിലൂടെ തുടരാൻ തടസ്സമില്ലെന്നും രണ്ട് ടേമിലധികം പാടില്ലെന്നും മാത്രമേ പറയുന്നുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി. ഡോ. ഗോപിനാഥിന്റെ നിയമനം പുതിയതല്ല. പുനർനിയമനമാണ്. ആദ്യ ടേമിൽ വി.സിയായി നിയമിക്കപ്പെടുന്നയാൾക്ക് നിയമപരമായി 60ന് മുകളിൽ പ്രായം പാടില്ലെന്നാണ് നിയമം. 60 വയസ്സ് ആകുന്നതിന് തൊട്ടുമുമ്പ് യോഗ്യനായ ഒരാൾക്ക് വി.സിയായി നിയമനത്തിന് അർഹതയുണ്ട്. ഒരിക്കൽ വി.സി ആയിക്കഴിഞ്ഞാൽ പിന്നീട് വി.സിയായി പുനർനിയമനത്തിന് പ്രായപരിധി ബാധകമല്ല.
വൈസ് ചാൻസലർമാരുടെ വിരമിക്കൽ പ്രായം ഉയർത്താൻ കേന്ദ്ര സർവകലാശാലകൾക്ക് കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന് വിവേചനാധികാരം ഉപയോഗിച്ച് പ്രായപരിധി നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. 2018ലെ യു.ജി.സി റെഗുലേഷൻ പ്രകാരം പുനർനിയമനത്തിന് പ്രായപരിധി ബാധകവുമല്ല. ഗോപിനാഥ് രവീന്ദ്രനെ ആദ്യമായി വി.സി ആയി നിയമിക്കുമ്പോൾ യോഗ്യതയില്ലെന്ന പരാതി ഉണ്ടായിട്ടില്ല. ആദ്യ നിയമനമോ വി.സിയുടെ യോഗ്യതയോ അന്ന് ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. പുതിയ നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചതുകൊണ്ട് പുനർ നിയമനം സാധ്യമല്ലെന്ന വാദം നിലനിൽക്കില്ല. ഇപ്പോൾ നൽകിയ ഹരജിയിലും വി.സിയാകാൻ യോഗ്യതയില്ലാത്ത ആളെയാണ് നിയമിച്ചതെന്ന ആരോപണമില്ല. വസ്തുതാപരമായും നിയമപരമായും പരിശോധിച്ചാൽ വി.സിക്ക് തുടരാൻ തടസ്സമില്ലെന്നും സിംഗിൾ ബെഞ്ച് ഉത്തരവിൽ തെറ്റില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി തുടർന്ന് ഹരജി തള്ളുകയായിരുന്നു. ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകിയതുമായി ബന്ധപ്പെട്ട് ചാൻസലർകൂടിയായ ഗവർണറുടെ ഓഫിസ് ഈ മാസം മൂന്നിന് പുറപ്പെടുവിച്ച വാർത്തക്കുറിപ്പിലെ കാര്യങ്ങളിൽ ഇടപെടേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നു. അതേസമയം, ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഹരജിഭാഗം അറിയിച്ചു.
തിരുവനന്തപുരം: രാഷ്ട്രീയം കലർത്തി വിവാദ എപ്പിസോഡുകൾ ആവർത്തിക്കരുതെന്ന് മന്ത്രി ആർ. ബിന്ദു. കണ്ണൂർ വി.സി നിയമനത്തിൽ അപാകതയുണ്ടെന്ന വിമർശം കോടതി വിധിയോടെ എന്നന്നേക്കുമായി അവസാനിക്കട്ടെ. നിയമനം നിയമപരമായിരുന്നെന്ന് മൂന്ന് കോടതികളുടെ വിധി വന്നു. സർക്കാർ നിയമിച്ച വി.സിമാർ അക്കാദമിക് മികവുള്ളവരാണ്. വിവാദമുണ്ടാക്കാനുള്ള യു.ഡി.എഫിന്റെ ശ്രമം ദൗർഭാഗ്യകരമെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രന്റെ അക്കാദമിക മികവിനെക്കുറിച്ചോ ഭരണമികവിനെക്കുറിച്ചോ ആക്ഷേപമില്ല. വി.സിമാരുടെ മികവും ദേശീയതല ബന്ധങ്ങളും സർവകലാശാലക്ക് പ്രധാനമാണ്. ഒരിക്കൽ സേർച്ച് കമ്മിറ്റിയെവെച്ച് തെരഞ്ഞെടുത്ത വി.സിക്ക് മികവിന്റെ അടിസ്ഥാനത്തിൽ രണ്ടാമതൊരു തവണകൂടി നൽകുകയാണ് ചെയ്തത്. ഇടതുപക്ഷം ഉന്നത വിദ്യാഭ്യാസം രാഷ്ട്രീയവത്കരിക്കുന്നെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. കോടതി വിധി വന്ന സാഹചര്യത്തിലും പഴയ കഥകൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. യു.ഡി.എഫ് സ്വന്തം കണ്ണടവെച്ച് ഇടതുപക്ഷത്തെ നോക്കുന്നതാണ് പ്രശ്നം. ഡി.സി.സി സെക്രട്ടറി ഖാദർ മങ്ങാടിനെ കണ്ണൂർ വി.സിയാക്കി. സി.പി.എം-സി.പി.ഐ പാർട്ടികളുടെ ജില്ല സെക്രട്ടറിമാരെ വി.സിയാക്കിയാലുള്ള അവസ്ഥ എന്താകും. കോഴിക്കോട് വി.സിയായി ലീഗിന്റെ പ്രഖ്യാപിത നേതാവായ ഒരു സ്കൂൾ മാഷെ നിയമിക്കാൻ ശ്രമിച്ചു. അത് നടന്നില്ല. അതിനുശേഷം വന്ന ഡോ. അബ്ദുൽ സലാമും കാലടി വി.സിയായ ഡോ. രാധാകൃഷ്ണനും ബി.ജെ.പിയിലേക്കാണ് പോയതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.