കൊച്ചി: ഗർഭസ്ഥശിശുവിന് വൈകല്യമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 31 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ എറണാകുളം സ്വദേശിനിയായ അമ്മ നൽകിയ ഹരജി ഹൈകോടതി തള്ളി. ഗർഭസ്ഥശിശുവിനും ഭരണഘടനയിലെ 21ാം അനുച്ഛേദ പ്രകാരം ജീവിക്കാനുള്ള അവകാശമുണ്ടെന്നും നവജാതശിശുവിൽനിന്ന് ഗർഭസ്ഥശിശുവിനെ വേറിട്ട് കാണേണ്ടതില്ലെന്നും നിരീക്ഷിച്ചാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ ഹരജി തള്ളിയത്.
ശിശുവിന് വൈകല്യമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അലസിപ്പിക്കാൻ ഹരജിക്കാരി ആശുപത്രിയെ സമീപിച്ചിരുന്നു. എന്നാൽ, 20 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ നിയമപ്രകാരം അനുമതിയില്ലെന്ന് കാണിച്ച് ആശുപത്രി അധികൃതർ ആവശ്യം നിഷേധിച്ചിരുന്നു.
24 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കാൻ നിയമഭേദഗതിക്ക് നടപടി തുടങ്ങിയെങ്കിലും ഇത് വിജ്ഞാപനം ചെയ്തിട്ടില്ലെന്ന് കോടതി പറഞ്ഞു. ഹരജിക്കാരിയുടെ ആവശ്യം പരിഗണിക്കാൻ മെഡിക്കൽ ബോർഡിന് രൂപം നൽകി റിപ്പോർട്ട് തേടിയിരുന്നു.
കുഞ്ഞിന്റെ വൈകല്യം ഗുരുതരമല്ലെന്നും അമ്മയുടെ ജീവന് ഭീഷണിയല്ലെന്നുമായിരുന്നു മെഡിക്കൽ ബോർഡിെൻറ റിപ്പോർട്ട്. തുടർന്നാണ് ഹരജി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.