കൊച്ചി: തൃശൂരിലെ അവിണിശ്ശേരി പഞ്ചായത്തുഭരണം ഹൈകോടതി ഉത്തരവിനെത്തുടർന്ന് വീണ്ടും എൻ.ഡി.എക്ക്. പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് എൻ.ഡി.എ പ്രതിനിധികളായ ഹരി സി. നരേന്ദ്രൻ, ഗീതാ സുകുമാരൻ എന്നിവർക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാമെന്ന് ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ ഉത്തരവിട്ടു.
രണ്ടുതവണ ഇടത് അംഗങ്ങൾ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും യു.ഡി.എഫ് പിന്തുണയോടെയാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന പേരിൽ സത്യപ്രതിജ്ഞക്കുശേഷം രാജിെവച്ചു. ഈ സാഹചര്യം തുടരുന്നതിനാൽ തങ്ങളെ വിജയികളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വോട്ടെടുപ്പിൽ രണ്ടാമതെത്തിയ ഹരി സി. നരേന്ദ്രനും ഗീതാ സുകുമാരനും കോടതിയെ സമീപിക്കുകയായിരുന്നു.
നിലവിലെ അനിശ്ചിതാവസ്ഥ പരിഗണിച്ചും പ്രസിഡൻറും വൈസ് പ്രസിഡൻറും ഇല്ലെങ്കിൽ സർക്കാർ സ്ഥാപനമെന്ന നിലയിൽ പഞ്ചായത്തിന് പ്രവർത്തിക്കാനാവില്ലെന്ന് വിലയിരുത്തിയുമാണ് ഉത്തരവ്.തദ്ദേശ സ്ഥാപന പൊതുതെരഞ്ഞെടുപ്പിന് പിന്നാലെ കഴിഞ്ഞ ഡിസംബർ 30ന് നടന്ന പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അഞ്ച് അംഗമുള്ള ഇടതുമുന്നണിയുടെ പ്രതിനിധികളായ എ.ആർ. രാജു, ഇന്ദിര ജയകുമാർ എന്നിവരെ മൂന്ന് അംഗമുള്ള യു.ഡി.എഫ് പിന്തുണക്കുകയായിരുന്നു.
ഇരുവർക്കും എട്ട് വോട്ടുവീതം ലഭിച്ചു. ആറ് പ്രതിനിധികളുള്ള എൻ.ഡി.എയുടെ രണ്ട് സ്ഥാനാർഥിയും ആറ് വോട്ടുവീതം നേടി രണ്ടാമതെത്തി. ആകെ 14 അംഗമാണുള്ളത്. രാജുവും ഇന്ദിരയും സത്യപ്രതിജ്ഞ ചെയ്തെങ്കിലും യു.ഡി.എഫ് വോട്ടിെൻറ പേരിൽ രാജിവെച്ചു. വീണ്ടും ഫെബ്രുവരി 17ന് തെരഞ്ഞെടുപ്പ് നടന്നപ്പോഴും ഇത് ആവർത്തിച്ചു. തുടർന്നാണ് തങ്ങളെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഡി.എ അംഗങ്ങൾ കോടതിയെ സമീപിച്ചത്.
അധികാരമേറ്റതിന് പിന്നാലെ ഇടത് അംഗങ്ങൾ രാജിവെച്ചതിനാൽ ഇരുവർക്കും പദവികളിൽ തുടരാൻ താൽപര്യമില്ലെന്ന് വ്യക്തമാണെന്നായിരുന്നു ഹരജിയിലെ വാദം. എന്നാൽ, സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ ശേഷമാണ് ഇരുവരും രാജിവെച്ചതെന്നതിനാൽ ചട്ടപ്രകാരം വീണ്ടും െതരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷനും എതിർ കക്ഷികളും അറിയിച്ചത്. എന്നാൽ, അവിണിശ്ശേരി പഞ്ചായത്തിൽ തെരഞ്ഞെടുക്കപ്പെട്ടവർ സൃഷ്ടിച്ച സാഹചര്യമാണ് നിലവിലുള്ളതെന്നതിനാൽ ഈ വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
1994ലെ കേരള പഞ്ചായത്തീരാജ് ആക്ട് പ്രകാരം തദ്ദേശസ്ഥാപനത്തിൽ പ്രസിഡൻറും വൈസ് പ്രസിഡൻറും നിർബന്ധമാണ്. എന്നാൽ, ഇതൊഴിവാക്കാനുള്ള തന്ത്രമാണ് രണ്ട് തവണയായി അവിണിശ്ശേരി പഞ്ചായത്തിൽ നടന്നത്. പ്രത്യയശാസ്ത്ര പ്രശ്നമുണ്ടെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവർ ചുമതലയേൽക്കാതിരിക്കണമായിരുന്നു. പ്രസിഡൻറും വൈസ് പ്രസിഡൻറുമില്ലാതെ ഭരണം സാധ്യമാകില്ല. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ ഹരജിക്കാരായ ഇരുവരും പ്രസിഡൻറും വൈസ് പ്രസിഡൻറുമായി െതരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കാൻ അർഹരാണെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞതവണ പഞ്ചായത്ത് ഭരിച്ചതും എൻ.ഡി.എ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.