കൊച്ചി: അസോസിയേറ്റ് പ്രഫസർ നിയമനം കുട്ടിക്കളിയല്ലെന്നും ഗൗരവത്തോടെ നിയമന നടപടികൾ നടത്തേണ്ട ഉന്നത സ്ഥാനമാണെന്നും ഹൈകോടതി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോ. പ്രഫസറായി നിയമിക്കുന്നതിനെതിരായ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിരീക്ഷണം.
നിയമനത്തിനുള്ള താൽക്കാലിക പട്ടികയിൽ ഉൾപ്പെട്ട പ്രിയ വർഗീസിന് വേണ്ടി യൂനിവേഴ്സിറ്റി രജിസ്ട്രാർ വാദിക്കുന്നതെന്തിനെന്ന് രജിസ്ട്രാർ സത്യവാങ്മൂലം നൽകിയ നടപടിയെ വിമർശിച്ചുകൊണ്ട് കോടതി ആരാഞ്ഞു. സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം ശരിയാണോയെന്നതാണ് പരിഗണന വിഷയം. ഹരജിക്കാരനും പ്രിയ വർഗീസും തമ്മിലുള്ള കേസാണിതെന്നും കോടതി പറഞ്ഞു. കണ്ണൂർ സർവകലാശാലയിലെ മലയാളം അസോ. പ്രഫസർ തസ്തിക നിയമനത്തിനുള്ള താൽക്കാലിക പട്ടികയിൽ പ്രിയക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുള്ള ചങ്ങനാശ്ശേരി എസ്.ബി കോളജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്കറിയയാണ് ഹരജി നൽകിയിരിക്കുന്നത്. അസോ. പ്രഫസർ നിയമനത്തിനുള്ള അധ്യാപന പരിചയമില്ലെന്നാണ് പ്രിയക്കെതിരായ ആരോപണം. ഗവേഷണ കാലത്തിന് ശേഷമുള്ള അധ്യാപന പരിചയം മൂന്ന് വർഷത്തിൽ താഴെയാണ്. അതിനാൽ ഇവർ ഇന്റർവ്യൂ ഘട്ടത്തിലേക്ക് പോലും അർഹയല്ലെന്ന് ഹരജിക്കാരൻ വാദിച്ചു. റാങ്ക് പട്ടിക തയാറാക്കുന്ന നടപടിക്രമങ്ങളിലെ അപാകതയും ചൂണ്ടിക്കാട്ടി.
പ്രിയയുടെ അധ്യാപന പരിചയം കണക്കുകൂട്ടിയത് ഏത് വിധത്തിലാണെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമല്ലെന്ന് കോടതി പറഞ്ഞു. ഇന്റർവ്യൂവിൽ കിട്ടിയ മാർക്കിനേക്കാൾ, ഇന്റർവ്യൂ ഘട്ടത്തിലേക്ക് എങ്ങനെ എത്തിയെന്നതാണ് പരിശോധിക്കപ്പെടേണ്ടത്. ഏറ്റവും മികച്ച കുട്ടികളെയാണ് അധ്യാപകർക്ക് പഠിപ്പിക്കാനുള്ളത്. മികച്ച വിദ്യാർഥികൾക്ക് മുന്നിൽ ഏറ്റവും മികച്ച അധ്യാപകരാണ് വരേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. ഹരജി ബുധനാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.