കരുവന്നൂർ ബാങ്ക് കേസിൽ ഇ.ഡി പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ചിന് നൽകണമെന്ന് ഹൈകോടതി

കൊച്ചി: കരുവന്നൂർ ബാങ്ക്​ തട്ടിപ്പ്​ കേസന്വേഷണവുമായി ബന്ധപ്പെട്ട്​ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ്​ (ഇ.ഡി) പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ചിന്​ വിട്ടുനൽകണമെന്ന്​ പി.എം.എൽ.എ (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം) കോടതിക്ക്​ ഹൈകോടതി നിർദേശം. ക്രൈംബ്രാഞ്ച്​ അന്വേഷണം നടക്കുന്ന കേസിൽ ക്രൈംബ്രാഞ്ച് നൽകിയ ഹരജിയിലാണ് ജസ്റ്റിസ്​​ കെ. ബാബുവിന്‍റെ ഉത്തരവ്.

അതേസമയം, രണ്ടുമാസത്തിനകം രേഖകളുടെ പരിശോധന പൂർത്തിയാക്കണമെന്ന്​ തിരുവനന്തപുരത്തെ ഫോറൻസിക്​ ലാബ്​ ഡയറക്ടർ, തൃശൂർ ഫോറൻസിക്​ ലാബ്​ അസി. ഡയറക്ടർ, ഫിംഗർ പ്രിന്റ് ബ്യൂറോ എന്നിവർക്കും കോടതി നിർദേശം നൽകി​. കൃത്രിമ രേഖകൾ ചമക്കലും അനുബന്ധ കേസുകളുമാണ് അന്വേഷിച്ചു വരുന്നതെന്നാണ്​ ക്രൈംബ്രാഞ്ച്​ ഹൈകോടതിയെ അറിയിച്ചത്​. ഇതുമായി ബന്ധ​പ്പെട്ട രേഖകളാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത്.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരം പിടിച്ചെടുത്ത രേഖകളുടെ പകർപ്പ് ആരിൽനിന്ന് പിടിച്ചെടുത്തുവോ അവർക്കല്ലാതെ നൽകാനാവില്ലെന്ന്​ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ രേഖാമൂലം അറിയിച്ചു. ഇതേതുടർന്ന് രേഖകൾ സമർപ്പിച്ച കലൂരിലെ പി.എം.എൽ.എ കോടതിയെ ക്രൈംബ്രാഞ്ച്​ സമീപിച്ചെങ്കിലും ആവശ്യം തള്ളി. തുടർന്നാണ്​ ​ഹൈകോടതിയെ സമീപിച്ചത്​. യഥാർഥ രേഖകൾ നൽകിയില്ലെങ്കിൽ കേസ് റദ്ദാക്കപ്പെടുമെന്നും ഇ.ഡി.യുടെ കേസും നിലനിൽക്കാത്ത അവസ്ഥയുണ്ടാകുമെന്നും ക്രൈംബ്രാഞ്ച്​ ചൂണ്ടിക്കാട്ടി.

എന്നാൽ, രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും ഉൾപ്പെട്ട തട്ടിപ്പിന്‍റെ​ രേഖകൾ ക്രൈംബ്രാഞ്ചിന് നൽകാനാകില്ലെന്നായിരുന്നു ഇ.ഡിയുടെ വാദം. ശരിയായ അന്വേഷണം നടത്തിയിരുന്നെങ്കിൽ ക്രൈംബ്രാഞ്ചിന് നേരത്തേതന്നെ രേഖകൾ പിടിച്ചെടുക്കാമായിരുന്നു. ഇപ്പോൾ രേഖകൾ പി.എം.എൽ.എ കോടതിയുടെ പരിഗണനയിലാണ്. കേസുകളുടെ തുടർനടപടികൾക്ക് ഇവ ആവശ്യമാണ്.

ഒരന്വേഷണ ഏജൻസി പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയ രേഖകൾ മറ്റൊരു ഏജൻസിക്ക് നൽകാൻ കോടതിക്ക് ഉത്തരവിടാനാകില്ലെന്നും ഇ.ഡി വാദിച്ചു. എന്നാൽ, ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്ന രേഖകൾ വിട്ടുനൽകേണ്ടത് അന്വേഷണത്തിന്​ ആവശ്യമാണെന്ന് ഹൈകോടതി വിലയിരുത്തി. രേഖകൾ കൈമാറുന്നതിന് നിയമ തടസ്സങ്ങളില്ലെന്നും വ്യക്തമാക്കി. രേഖകൾ നൽകാനാകില്ലെന്ന പി.എം.എൽ.എ കോടതി ഉത്തരവ് സിംഗിൾ ബെഞ്ച്​ റദ്ദാക്കുകയും ചെയ്തു.

Tags:    
News Summary - High Court order to hand over the documents seized by ED in Karuvannur to the crime branch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.