അഭിമന്യു, കോളജിലെ സ്മാരകം

ഹരജിക്കാർക്ക് സ്വകാര്യതാൽപര്യം; അഭിമന്യു സ്മാരകം പൊളിക്കണമെന്ന ആവശ്യം തള്ളി ഹൈകോടതി

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ അഭിമന്യു സ്മാരകം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് കെ.എസ്.യു പ്രവർത്തകർ നൽകിയ പൊതുതാൽപര്യ ഹരജി ഹൈകോടതി തള്ളി. ഹരജിയിൽ പൊതുതാൽപര്യമില്ലെന്നും സ്വകാര്യതാൽപര്യം മാത്രമാണെന്നുമുള്ള നിരീക്ഷണത്തോടെയാണ് കോടതി ആവശ്യം നിരസിച്ചത്. മഹാരാജാസ് കോളജ് വിദ്യാർഥിയായിരുന്ന അഭിമന്യുവിന്‍റെ കൊലപാതകത്തിനു പിന്നാലെയാണ് ക്യാമ്പസിൽ എസ്.എഫ്.ഐ മുൻകൈയെടുത്ത് സ്മാരകം പണിതത്.

ക്യാമ്പസിനുള്ളിൽ ഒരു വിദ്യാർഥി സംഘടനയുടെ സ്മാരകം നിർമിച്ചത് ശരിയായില്ല എന്നു കാണിച്ചുകൊണ്ടായിരുന്നു കെ.എസ്.യു പ്രവർത്തകർ ഹൈകോടതിയെ സമീപിച്ചത്. സ്മാരകം അക്കാദമിക രംഗത്തെ ബാധിക്കുമെന്ന ഹരജിക്കാരുടെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സ്മാരകം അക്കാദമിക പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ഹരജിക്കാർക്ക് തെളിയിക്കാനായില്ലെന്നും ചീഫ് ജസ്റ്റിസ് നിധിന്‍ ജാംദര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

2018 ജൂലൈ രണ്ടിനാണ് എസ്.എഫ്‌.ഐ പ്രവര്‍ത്തകനും കോളജിലെ രണ്ടാം വര്‍ഷ രസതന്ത്ര വിദ്യാര്‍ഥിയുമായ അഭിമന്യു കൊല്ലപ്പെട്ടത്. കോളജിലെ പ്രവേശനോത്സവത്തിന് തലേന്നായിരുന്നു സംഭവം. എസ്.എഫ്‌.ഐ ബുക്ക് ചെയ്ത മതിലില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ചുവരെഴുത്ത് നടത്തി. ഇതിന് മുകളില്‍ അഭിമന്യു വര്‍ഗീയത തുലയട്ടെ എന്നെഴുതിയത് എതിരാളികളെ പ്രകോപിപ്പിച്ചു. ഇതിന്റെ വൈരാഗ്യത്തില്‍ അഭിമന്യുവിനെ തിരഞ്ഞുപിടിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

അഭിമന്യു കൊല്ലപ്പെട്ട് ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് മഹാരാജാസ് ക്യാമ്പസില്‍ സ്മാരകം സ്ഥാപിച്ചത്. ഇതിന് പിന്നാലെയാണ് കെ.എസ്‌.യു പ്രവര്‍ത്തകര്‍ ഹരജിയുമായി ഹൈകോടതിയെ സമീപിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ഹരജിയാണ് വ്യാഴാഴ്ച ഡിവിഷൻ ബെഞ്ച് തള്ളിയത്.

Tags:    
News Summary - High Court Rejected Plea Seeking Demolition of Abhimanyu Monument at Maharajas College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.