കൊച്ചി: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി സർക്കാറിന് മുന്നോട്ടുപോകാമെന്ന് ഹൈകോടതി. ട്രാൻസ്പോർട്ട് കമീഷണറുടെ സർക്കുലർ ഹൈകോടതി ശരിവെച്ചു. പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് സർക്കുലർ സ്റ്റേ ചെയ്യണമെന്ന ഡ്രൈവിങ് സ്കൂൾ ഉടമകളുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു. സർക്കുലർ സ്റ്റേ ചെയ്യാൻ കാരണങ്ങളില്ലെന്ന് കോടതി പറഞ്ഞു.
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച് ട്രാൻസ്പോർട്ട് കമീഷണർ ഇറക്കിയ സർക്കുലറിനെതിരായ ഹരജികളിലാണ് ഹൈകോടതിയുടെ ഇടക്കാല വിധിയുണ്ടായിരിക്കുന്നത്. ഡ്രൈവിങ് സ്കൂൾ ഉടമകളും പരിശീലകരും സമർപ്പിച്ച ഹരജി ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് പരിഗണിച്ചത്.
ട്രാൻസ്പോർട്ട് കമീഷണറുടെ സർക്കുലർ കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്നും കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ മാറ്റം വരുത്താൻ സംസ്ഥാനത്തിന് അധികാരമില്ലെന്നുമാണ് ഇവരുടെ വാദം.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ സമര രംഗത്തുള്ളവർക്ക് കനത്ത തിരിച്ചടിയാണ് ഹൈകോടതി വിധി. ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട ഗതാഗതവകുപ്പ് നടപ്പാക്കാൻ തീരുമാനിച്ച പരിഷ്കാരങ്ങൾക്കെതിരെ വിവിധ കേന്ദ്രങ്ങളിൽ ഇന്നും സമരം തുടരുന്നതിനിടെയാണ് ഹൈകോടതി വിധി വന്നിരിക്കുന്നത്. ഇന്നലെ മുതൽ കേരളത്തിലുടനീളം ഡ്രൈവിങ് ടെസ്റ്റുകൾ മുടങ്ങിയിരിക്കുകയാണ്. ഡ്രൈവിങ് സ്കൂളുകൾ ടെസ്റ്റ് ബഹിഷ്കരിക്കുകയും ചിലയിടങ്ങളിൽ ഗ്രൗണ്ടിലേക്കുള്ള ഗേറ്റുകൾ അടച്ചിടുകയും ചെയ്തിട്ടുണ്ട്. വാഹനാപകടങ്ങൾ കുറക്കാെനന്ന പേരിൽ ധൃതിപിടിച്ച് നടത്തുന്ന ഗതാഗത വകുപ്പിലെ പരിഷ്കാരങ്ങൾക്കെതിരെ സി.ഐ.ടി.യു അടക്കം ഭരണപക്ഷ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.
നിലവിലെ രീതി മാറ്റി ആദ്യം റോഡ് ടെസ്റ്റും അതിൽ പാസാകുന്നവർക്ക് മാത്രം ‘എച്ച്’ പരീക്ഷ എന്ന പരിഷ്കാരവും നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നു. 15 വർഷത്തിന് മുകളിൽ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല, വാഹനങ്ങൾ ഡ്രൈവിങ് സ്കൂൾ ഉടമകൾ കാമറകൾ ഘടിപ്പിക്കണം, ഒരു ദിവസം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തണം തുടങ്ങിയ ഗതാഗത വകുപ്പിന്റെ നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഡ്രൈവിങ് സ്കൂൾ രംഗത്തുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.