കോടതി വിമർശനത്തിന് കാരണം ജീവനക്കാരുടെ പെരുമാറ്റച്ചട്ട ലംഘനം: മറികടക്കാൻ അവധി ഉൾപ്പെടെ മാർഗങ്ങൾ

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ സമരത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ഹൈകോടതി വിമർശത്തിന് കാരണം പെരുമാറ്റച്ചട്ട ലംഘനം. 1960 ൽ സർക്കാർ പുറത്തിറക്കിയ പെരുമാറ്റച്ചട്ടം അനുസരിച്ച് സർക്കാർ ജീവനക്കാർക്ക് സമരത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ച് സമരം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ വ്യവസ്ഥയുണ്ട്. ഇത് നിലനിൽക്കെയാണ് ദ്വിദിന ദേശീയ പണിമുടക്കിൽ സംസ്ഥാന ജീവനക്കാരും പങ്കെടുത്തത്.

എന്നാൽ, പണിമുടക്ക് ദിവസം ജീവനക്കാർക്ക് അവധി നൽകരുതെന്ന് ഉത്തരവിറക്കാൻ കോടതിക്ക് നിയമതടസ്സമുണ്ട്. ഗതാഗത സംവിധാനങ്ങളില്ലാത്ത ദിവസം ജീവനക്കാരെല്ലാം ജോലിക്ക് ഹാജരാകണമെന്ന് നിർബന്ധിക്കാനാകില്ല. ആ സാഹചര്യത്തിലാണ് സർക്കാറിനോട് ഉത്തരവിറക്കാൻ നിർദേശം നൽകിയത്. തുടർന്നാണ് രാത്രി ഡയസ്നോൺ പ്രഖ്യാപിച്ച് ജീവനക്കാർ ഹാജരാകണമെന്ന് സർക്കാർ ഉത്തരവായത്. സർക്കാർ പിന്തുണയുള്ള സമരങ്ങളിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് പിന്നീട് ശമ്പളം അനുവദിക്കുന്നതാണ് രീതി. പണിമുടക്കിയവർക്ക് ശമ്പളം നൽകരുതെന്ന് 2021 ഫെബ്രുവരി രണ്ടിന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ശമ്പളത്തോടെ അവധി നൽകിയത് നയപരമായ തീരുമാനമാണെന്നും ഇടപെടരുതെന്നുമുള്ള സർക്കാർ വാദം അന്ന് തള്ളി.

തുടർന്ന് പണിമുടക്ക് ദിവസം ജോലിക്ക് ഹാജരാകാത്തവർക്ക് അര്‍ഹതപ്പെട്ട അവധികളിലേതെങ്കിലും അനുവദിച്ച് ശമ്പളനഷ്ടം ഒഴിവാക്കുന്നതാണ് രീതി. സർക്കാർ ജീവനക്കാർ പണിമുടക്കരുതെന്ന് ഹൈകോടതി ഉത്തരവിറക്കിയാലും ജീവനക്കാർക്ക് അവധിയെടുത്ത് പണിമുടക്കിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാം. 

Tags:    
News Summary - High Court rules against government employees participating in strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.