കൊച്ചി: ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുന്ന മുസ്ലിം സ്ത്രീക്ക് ദാമ്പത്യാവകാശങ്ങൾ പുനഃസ്ഥാപിച്ച് കിട്ടാൻ അർഹതയില്ലെന്ന് ഹൈകോടതി. മുസ്ലിം വിവാഹങ്ങൾ കരാർ അടിസ്ഥാനത്തിലായതിനാൽ സ്ത്രീക്ക് ഇതിന് അവകാശമില്ലെന്ന് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വേർപിരിഞ്ഞ് കഴിയുന്ന ആലപ്പുഴ സ്വദേശികളായ ദമ്പതികളുടെ അപ്പീൽ ഹരജികൾ തള്ളിയാണ് നിരീക്ഷണം.
2006 മേയിൽ വിവാഹിതരായ ഇവർ രണ്ട് കുട്ടികളുണ്ടായശേഷം സ്വരച്ചേർച്ചയില്ലായ്മയെ തുടർന്ന് വേറിട്ട് താമസിച്ചു. തുടർന്ന് നാല് ക്രിമിനൽ കേസ് ഭർത്താവിനെതിരെ ഭാര്യ നൽകി. വിവാഹ സമയത്ത് നൽകിയ 45 പവനും മൂന്നര ലക്ഷം രൂപയും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കുടുംബ കോടതിയെയും സമീപിച്ചു. മഹറായി നൽകിയ സ്വർണം തിരികെ കിട്ടാൻ ഭർത്താവും ഹരജി നൽകി. എന്നാൽ, മധ്യസ്ഥ ശ്രമത്തെ തുടർന്ന് മാസംതോറും 5000 രൂപ നൽകാമെന്ന് സമ്മതിച്ചതോടെ സ്വർണാഭരണങ്ങൾ മടക്കി നൽകണമെന്ന ഹരജിയും ഭർത്താവിനെതിരായ കേസുകളും ഭാര്യ പിൻവലിച്ചു. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച കേസും തീർപ്പായി. ഇതിന് പിന്നാലെ, ദാമ്പത്യാവകാശങ്ങൾ പുനഃസ്ഥാപിച്ച് കിട്ടണമെന്ന് ആവശ്യപ്പെട്ട് ഭാര്യയുടെ നിയമപരമായ നോട്ടീസ് ഭർത്താവിന് ലഭിച്ചു. ഇതിന് പിന്നാലെ ഭർത്താവ് ത്വലാഖ് ചൊല്ലുകയും ചെയ്തു. ധാരണകൾ നടപ്പാകാതെ വന്നതോടെ ത്വലാഖ് ചോദ്യം ചെയ്തും ദാമ്പത്യാവകാശങ്ങൾ പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടും സ്വർണം തിരിച്ചുകിട്ടാനുമായി ഭാര്യ വീണ്ടും കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു.
മതിയായ നടപടികൾ പാലിക്കാത്തതിനാൽ ത്വലാഖ് റദ്ദാക്കണമെന്ന ആവശ്യം അനുവദിച്ച കുടുംബ കോടതി, സ്വർണം തിരിച്ചുകിട്ടണമെന്നും ദാമ്പത്യാവകാശം പുനഃസ്ഥാപിക്കണമെന്നുമുള്ള ആവശ്യങ്ങൾ തള്ളി. തുടർന്നാണ് ഈ ഉത്തരവുകൾക്കെതിരെ ഇരുവരും ഹൈകോടതിയെ സമീപിച്ചത്. കേസുകൾ തീർപ്പായ ശേഷം വീണ്ടും കോടതിയിൽ വന്നിരിക്കുന്നത് നിർഭാഗ്യകരമാണെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഒത്തുതീർപ്പുണ്ടായ ശേഷവും വേർപിരിഞ്ഞുതന്നെയാണ് താമസമെന്നുമായിരുന്നു ഭർത്താവിന്റെ വാദം. വ്യവസ്ഥ പ്രകാരമാണ് ത്വലാഖ് ചൊല്ലിയതെന്ന വാദം തള്ളിയ ഹൈകോടതി, ത്വലാഖ് റദ്ദാക്കിയ കുടുംബ കോടതി ഉത്തരവ് ശരിവെക്കുകയും ചെയ്തു. ഒരിക്കൽ തീർപ്പായ വിഷയത്തിൽ വീണ്ടും കോടതിയെ സമീപിക്കാനാവില്ലെന്ന നിയമം ഈ കേസിൽ ബാധകമായതിനാൽ ആഭരണങ്ങൾ തിരിച്ചു ലഭിക്കണമെന്ന ഭാര്യയുടെ ആവശ്യം അനുവദിക്കാനാവില്ലെന്ന കുടുംബ കോടതി ഉത്തരവിൽ തെറ്റില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.