പ്രതീകാത്മക ചിത്രം

പീഡനം സഹിക്കാനാകുന്നില്ലെന്ന് 21 കാരി; ഗർഭഛിദ്രത്തിന്​ ഭർത്താവിന്‍റെ അനുമതി വേണ്ടെന്ന് ഹൈകോടതി

കൊച്ചി: ഗര്‍ഭഛിദ്രം നടത്താൻ ഭര്‍ത്താവിന്റെ അനുമതി വേണ്ടെന്ന് ഹൈകോടതി. ഗർഭാവസ്ഥ 21 ആഴ്ച പിന്നിട്ടെങ്കിലും ഭർത്താവിന്‍റെയും ഭർതൃ മാതാവിന്‍റെയും പീഡനം മൂലം കടുത്ത മാനസിക ബുദ്ധിമുട്ട് നേരിടുന്ന 21കാരിയായ യുവതിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകിയാണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ നിരീക്ഷണം. ഗര്‍ഭാവസ്ഥയില്‍ തുടരുന്നത് യുവതിയുടെ മാനസികാവസ്ഥ മോശമാക്കുമെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോർട്ടും കോടതി പരിഗണിച്ചു. ഗര്‍ഭഛിദ്രത്തിന് ഭര്‍ത്താവിന്റെ അനുമതി വേണമെന്ന് ഗർഭം അലസിപ്പിക്കൽ സംബന്ധിച്ച (മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട്) നിയമത്തിൽ പറയുന്നില്ല. ഗര്‍ഭാവസ്ഥയുടെയും പ്രസവത്തിന്റെയും സമ്മർദവും സംഘര്‍ഷവും നേരിടേണ്ടി വരുന്നത് സ്ത്രീയാണെന്നും കോടതി നിരീക്ഷിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലോ ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ ഗര്‍ഭഛിദ്രം നടത്താനാണ് അനുമതി. നടപടികളുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി വ്യക്തമാക്കി യുവതി സാക്ഷ്യപത്രം നൽകണം. പുറത്തെടുക്കുന്ന സമയത്ത് കുഞ്ഞിന് ജീവനുണ്ടെങ്കില്‍, ആശുപത്രി അധികൃതര്‍ മെഡിക്കല്‍ പരിരക്ഷ ഒരുക്കണം. കുഞ്ഞിനെ ഏറ്റെടുക്കാന്‍ യുവതി തയാറല്ലെങ്കില്‍ സര്‍ക്കാറും ബന്ധപ്പെട്ട ഏജന്‍സികളും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കോടതി നിർദേശിച്ചു. തുടർന്ന് ഹരജി രണ്ടാഴ്ചക്കുശേഷം വീണ്ടും പരിഗണിക്കാൻ മാറ്റി.

ബിരുദ വിദ്യാർഥിയായിരിക്കെ ബസ് കണ്ടക്ടറെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് യുവതി. പിന്നീട് ഭർത്താവും ഭർതൃ മാതാവും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കാൻ തുടങ്ങി. ഇതിനിടെ ഗര്‍ഭിണിയായി. ഗര്‍ഭസ്ഥ ശിശുവിന്റെ പിതൃത്വത്തില്‍ സംശയം പ്രകടിപ്പിച്ചും ഭര്‍ത്താവ് ഉപദ്രവിക്കാന്‍ തുടങ്ങി. പീഡനം തുടർന്നതോടെ സ്വന്തം വീട്ടിലേക്ക് പോയ യുവതി ഗര്‍ഭഛിദ്രത്തിന് കോട്ടയം മെഡിക്കല്‍ കോളജിനെ സമീപിച്ചു. എന്നാൽ, വിവാഹബന്ധം വേര്‍പിരിഞ്ഞതിന്റെ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍ മടക്കിയയച്ചു. തുടർന്ന് ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കാഞ്ഞിരപ്പള്ളി പൊലീസ് സ്‌റ്റേഷനില്‍ ഗാർഹിക പീഡനം ചൂണ്ടിക്കാട്ടി പരാതി നല്‍കിയശേഷം വീണ്ടും ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും ഗര്‍ഭാവസ്ഥയില്‍ 21 ആഴ്ച പിന്നിട്ടുവെന്നും ആരോഗ്യത്തെ ബാധിക്കുമെന്നുമുള്ള കാരണം പറഞ്ഞ് ഡോക്ടര്‍മാര്‍ തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്.

Tags:    
News Summary - High Court says that husband's permission is not required for abortion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.