തുരുമ്പെടുത്ത്​ നശിക്കുന്ന കെ.എസ്​.ആർ.ടി.സി ബസുകളുടെ എണ്ണമെത്ര?, ആകെ ഓടിയ ദൂരമെത്ര? -വിശദീകരണം തേടി ഹൈകോടതി

കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെ ഡിപ്പോകളിലും ഡമ്പിങ്​​ യാർഡുകളിലും കെ.എസ്​.ആർ.ടി.സി ബസുകൾ തുരുമ്പെടുത്തു നശിക്കുന്നതിനെതിരെ ഹൈകോടതി. ഇത്തരം കാര്യങ്ങളിൽ കുറച്ചെങ്കിലും കാര്യക്ഷമമായ സമീപനം സ്വീകരിക്കാൻ കെ.എസ്.ആർ.ടി.സി തയാറാവണം. ബസുകൾ തുരുമ്പെടുത്ത്​ പാഴാകുന്ന സംഭവത്തിൽ ഫലപ്രദമായ തീരുമാന​ങ്ങളെടുക്കാൻ തയാറാവാത്തതിനെയും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിമർശിച്ചു. തുടർന്ന് വിഷയത്തിൽ കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം തേടിയ കോടതി ഹരജി ഈ മാസം​ ആറിന്​ പരിഗണിക്കാൻ മാറ്റി.

തുരുമ്പെടുത്ത്​ നശിക്കുന്ന ബസുകളുടെ എണ്ണമെത്ര, ഈ ബസുകൾ ആകെ ഓടിയ ദൂരമെത്ര, ഇവയുടെ പഴക്കം, ബസുകൾ നശിക്കാൻ തുടങ്ങിയിട്ട്​ കാലമെത്രയായി, ഇവ എന്തുചെയ്യാനാണ്​ ഉദ്ദേശിക്കുന്നത്​ തുടങ്ങിയ കാര്യങ്ങളിലാണ്​ വിശദീകരണം തേടിയത്​. 2800 ബസ്​ തുരുമ്പെടുത്ത്​ നശിക്കുന്നതിനെതിരെ കാസർകോട് സ്വദേശി എൻ. രവീന്ദ്രൻ നൽകിയ പൊതുതാൽപര്യഹരജിയാണ്​ ഡിവിഷൻ ബെഞ്ച്​ പരിഗണിച്ചത്​.

സംസ്ഥാനത്തെ വിവിധ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും ഡമ്പിങ്​ യാർഡുകളിലുമായി ബസുകൾ തുരുമ്പെടുത്തു നശിക്കുന്നത്​ സംബന്ധിച്ച മാധ്യമവാർത്തകളും ചിത്രങ്ങളുമടക്കം ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. ബസ് സർവിസ് പുനരാരംഭിക്കാൻ നടപടി വേണമെന്നും ബസുകൾ തുരുമ്പെടുത്തു നശിക്കുന്ന സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നുമാണ് ഹരജിക്കാരന്റെ ആവശ്യം.

കോവിഡ് വ്യാപനത്തിനുമുമ്പ് പ്രതിദിനം 5500 ഉണ്ടായിരുന്ന ഷെഡ്യൂൾ ഇപ്പോൾ 3000-3200 മാത്രമാണുള്ളത്. ബസുകൾ ഇത്തരത്തിൽ നശിപ്പിക്കുന്നത് കെ-റെയിലിനെയും കെ.എസ്.ആർ.ടി.സി സ്വിഫ്‌റ്റിനെയും പ്രോത്സാഹിപ്പിക്കാനാണെന്നും ഹരജിയിൽ ആരോപണമുണ്ട്​.

Tags:    
News Summary - High Court seeks explanation in rusting of KSRTC buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.