കൊച്ചി: മാവേലി സ്റ്റോറിലെ വിലവിവരപ്പട്ടികയിൽ സബ്സിഡി സാധനങ്ങൾ ഇല്ലെന്ന് എഴുതിെവച്ചതിന് ജീവനക്കാരനെ സസ്പെൻഡ് ചെയ്തുവെന്ന ഹരജിയിൽ ഹൈകോടതി സപ്ലൈകോയുടെ വിശദീകരണം തേടി. എഴുതി വെച്ചത് സംബന്ധിച്ച് വിശദീകരണം നൽകിയിട്ടും തന്നെ സസ്പെൻഡ് ചെയ്തത് അന്യായ നടപടിയാണെന്ന് ആരോപിച്ച് കോഴിക്കോട് പാളയത്തെ മാവേലി സ്റ്റോറിലെ ജൂനിയർ അസിസ്റ്റന്റ് കെ. നിതിൻ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിശദീകരണം തേടിയത്.
സബ്സിഡി സാധനങ്ങളില്ലെന്ന് വിലവിവരപ്പട്ടികയിൽ എഴുതിവെച്ചിരിക്കുന്നതിന്റെ ചിത്രം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചുവെന്ന പേരിൽ നിതിനെ സസ്പെൻഡ് ചെയ്തിരുന്നു. സബ്സിഡി സാധനങ്ങൾ സ്റ്റോക്കുണ്ടായിട്ടും ഇല്ലെന്ന് എഴുതിവെച്ചതിനാണ് നിതിനെ സസ്പെൻഡ് ചെയ്തതെന്ന് ഹരജി പരിഗണിക്കവെ സപ്ലൈകോ വിശദീകരിച്ചു.
എന്നാൽ, ഈ വാദം തെറ്റാണെന്നും സബ്സിഡി സാധനങ്ങൾ സ്റ്റോക്കുണ്ടായിരുന്നില്ലെന്നും ഹരജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനാണ് ഇങ്ങനെ എഴുതിവെച്ചതെന്നും ഇക്കാര്യം വിശദീകരിച്ചതാണെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. വിശദീകരണം നൽകിയതിന്റെ തൊട്ടടുത്ത ദിവസം സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
രാഷ്ട്രീയമായ തിരിച്ചടി ഭയന്ന് തന്നെ ബലിയാടാക്കുകയാണെന്നും തനിക്കെതിരെ നടപടിയെടുത്തത് അധികാര ദുർവിനിയോഗമാണെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഏതൊക്കെ സാധനങ്ങൾ സ്റ്റോക്കുണ്ടായിരുന്നു എന്നതടക്കമുള്ള കാര്യങ്ങൾ വിശദീകരിക്കാൻ കോടതി സപ്ലൈകോക്ക് നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.