കെ.ടി.യു വി.സി നിയമനം: സർക്കാറിന് തിരിച്ചടി; സിസ തോമസിന് തുടരാമെന്ന് ഹൈകോടതി

കൊച്ചി: എ.പി.ജെ. അബ്ദുൽ കലാം ടെക്നിക്കൽ സർവകലാശാല (കേരള സാങ്കേതിക സർവകലാശാല -കെ.ടി.യു) വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ നിയമിച്ച ചാൻസലർ കൂടിയായ ഗവർണറുടെ നടപടിക്ക് ഹൈകോടതിയുടെ ക്ലീൻ ചിറ്റ്. നിയമനം ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹരജി തള്ളിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ചാൻസലറുടെ നടപടി ശരിവെച്ചു.

വി.സി നിയമനത്തിന് യു.ജി.സി നിഷ്കർഷിച്ച യോഗ്യതകൾ ഡോ. സിസ തോമസിന് ഉണ്ടെന്ന് കോടതി വിലയിരുത്തി. സർക്കാർ ആദ്യം നിർദേശിച്ച രണ്ടു പേരെയും നിയമിക്കാനാകാത്തതിനാൽ വീണ്ടും സർക്കാറിന്‍റെ ശിപാർശക്ക് കാക്കാതെ ചാൻസലർ നിയമനം നടത്തിയതിൽ തെറ്റില്ല. രണ്ടോ മൂന്നോ മാസത്തിനകം പുതിയ വി.സിയെ നിയമിക്കാനും കോടതി നിർദേശിച്ചു.

ഡോ. സിസ തോമസിനെ സർവകലാശാല ചട്ടം ലംഘിച്ച് സർക്കാറിന്‍റെ ശിപാർശ ഇല്ലാതെ ചാൻസലർ ഏകപക്ഷീയമായി നിയമിച്ചെന്ന് ആരോപിച്ചായിരുന്നു ഹരജി. ചാൻസലർക്കെതിരായ ഹരജി നിലനിൽക്കില്ലെന്ന വാദം തള്ളിയ കോടതി വിശദവാദം കേട്ടാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഡിജിറ്റൽ സർവകലാശാല വി.സി, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരുടെ പേരുകൾ ശിപാർശ ചെയ്തെങ്കിലും രണ്ടും ചാൻസലർ തള്ളിയതായി സർക്കാർ ബോധിപ്പിച്ചിരുന്നു.

ഡിജിറ്റൽ സർവകലാശാല വി.സി നിയമനവും സംശയനിഴലിലാണെന്നും യു.ജി.സി മാനദണ്ഡപ്രകാരം ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ നിയമിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി ശിപാർശകൾ രണ്ടും ചാൻസലർ തള്ളി. പ്രോ വൈസ് ചാൻസലർക്ക് താൽക്കാലിക ചുമതല നൽകാമായിരുന്നുവെന്ന വാദവും സർക്കാർ ഉയർത്തി. എന്നാൽ, വി.സിയായി ഡോ. എം.എസ്. രാജശ്രീയെ നിയമിച്ചത് നിയമവിരുദ്ധമായാണെന്ന് സുപ്രീംകോടതി വിധിച്ചതിനെ തുടർന്നാണ് താൽക്കാലിക വി.സി നിയമനം വേണ്ടിവന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

പി.വി.സിയെ നിയമിച്ചത് സുപ്രീംകോടതി പുറത്താക്കിയ വി.സി ആണെന്നിരിക്കെ അദ്ദേഹത്തിന് ചുമതല നൽകാനാകില്ലെന്ന ചാൻസലറുടെ നിലപാടിൽ തെറ്റില്ല. സിസ തോമസിന് യു.ജി.സി നിർദേശിക്കുന്ന യോഗ്യതയില്ലെന്ന വാദവും കോടതി അംഗീകരിച്ചില്ല. സർക്കാർ ഹാജരാക്കിയ സീനിയോറിറ്റി ലിസ്റ്റിൽ ഡോ. സിസ തോമസ് പത്താം സ്ഥാനത്താണ്. പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ടെക്നിക്കൽ ഡയറക്ടർ വി.സി ചുമതല ഏറ്റെടുക്കാൻ വിസമ്മതിച്ചു.

മറ്റുള്ളവരാകട്ടെ ഇതര ജില്ലകളിൽ പ്രവർത്തിക്കുന്നവരാണ്. തിരുവനന്തപുരത്തുള്ള ഡോ. സിസ തോമസിനെ താൽക്കാലിക ചുമതലയിൽ നിയമിക്കാൻ ഗവർണർ തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്. സദുദ്ദേശ്യപരമായാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ തെറ്റു കാണാനാവില്ല. നിയമനം പക്ഷപാതപരമാണെന്ന ആരോപണം ആരും ഉന്നയിച്ചിട്ടില്ല. ചില വിദ്യാഭ്യാസ വിദഗ്ധരാണ് ഡോ. സിസ തോമസിന്റെ പേര് നിർദേശിച്ചതെന്ന ചാൻസലറുടെ അവകാശവാദത്തിൽ അപാകതയുണ്ടെന്ന വാദവും കോടതി തള്ളി. സർക്കാർ നിർദേശിച്ചവരെ നിയമിക്കാനാകാത്ത സാഹചര്യത്തിൽ വീണ്ടും സർക്കാറിന്‍റെ ശിപാർശക്ക് കാക്കുന്നതിൽ അർഥമില്ല.

അതോടെ, സിസയെ നിയമിക്കും മുമ്പ് ചാൻസലർ കൂടിയാലോചിച്ചില്ലെന്ന വാദവും നിലനിൽക്കില്ല. 10 വർഷത്തിലധികം സർവിസുള്ള പ്രഫസർമാരുടെ പേരുവിവരങ്ങൾ സർവകലാശാലയോട് ആവശ്യപ്പെട്ടെങ്കിലും അധ്യാപന വിഭാഗം ഇല്ലാത്തതിനാൽ പട്ടിക നൽകാനായില്ല. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോടും പട്ടിക ആവശ്യപ്പെട്ടെങ്കിലും മറുപടി ഉണ്ടായില്ല. ചുമതല ഏൽക്കാൻ ഡയറക്ടർ തയാറായതുമില്ല. ഈ നിരീക്ഷണങ്ങളോടെയാണ് സർക്കാറിന്‍റെ ഹരജി തള്ളിയത്.

എത്രയും വേഗം പുതിയ വി.സിയെ നിയമിക്കാനും നിർദേശിച്ചു. സുപ്രീംകോടതി ഉത്തരവിന് അനുസൃതമായി യു.ജി.സി മാനദണ്ഡപ്രകാരം സെലക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് സ്ഥിരം നിയമനം സാധ്യമാണ്. താൽക്കാലിക വി.സി കാലാവധി അതോടെ അവസാനിക്കും. എത്രയും വേഗം താൽക്കാലിക വി.സി ചുമതല ഒഴിയുന്നത് സർക്കാറിന് സന്തോഷകരമായ സാഹചര്യമുണ്ടാക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.

കേരളം പുനഃപരിശോധന ഹരജി നൽകി

ന്യൂഡൽഹി: കെ.ടി.യു വൈസ് ചാൻസലറായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം റദ്ദാക്കിയ വിധിക്കെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ പുനഃപരിശോധന ഹരജി നൽകി. മുന്‍ അറ്റോണി ജനറല്‍ കെ.കെ. വേണുഗോപാല്‍ നല്‍കിയ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന ഹരജി ഫയല്‍ ചെയ്തത്.

വിധിക്കെതിരെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീയും നേരത്തേ പുനഃപരിശോധന ഹരജി നൽകിയിരുന്നു. 2010ലെ യു.ജി.സി ചട്ടങ്ങള്‍ക്ക് നിര്‍ദേശക സ്വഭാവം മാത്രമെ ഉള്ളൂവെന്നും അത് നിര്‍ബന്ധമായും നടപ്പാക്കാന്‍ സര്‍ക്കാറിനോ സര്‍വകലാശാലക്കോ ബാധ്യതയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന ഹരജിയില്‍ ചൂണ്ടിക്കാട്ടി.

Tags:    
News Summary - High court verdict on ktu vc appointment plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.