കൊച്ചി: എതിർവാദങ്ങൾ എന്തുതന്നെയായാലും വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കാനാവില്ലെന്ന് ഹൈകോടതി. സർക്കാറിനോട് വിലപേശി സമരക്കാർക്ക് പദ്ധതി തടയാനാവില്ല. സമാധാനപരമായി സമരം നടത്താനും പ്രതിഷേധിക്കാനും തടസ്സമില്ല. പദ്ധതി നടപ്പാക്കുന്നതിൽ പരാതിയുണ്ടെങ്കിൽ ഉചിതമായ ഫോറത്തെ സമീപിച്ച് നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഇതിനു പകരം ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കി നിർമാണം തടയാനാവില്ലെന്ന് ജസ്റ്റിസ് അനു ശിവരാമൻ വ്യക്തമാക്കി. തുറമുഖ നിർമാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിർമാണ കരാർ കമ്പനിയും നൽകിയ ഹരജികൾ പരിഗണിക്കവെയാണ് സിംഗ്ൾ ബെഞ്ചിന്റെ പരാമർശം.
നിയമപരമായ എല്ലാ അനുമതികളും വാങ്ങി നിർമാണം തുടങ്ങിയെങ്കിലും മത്സ്യത്തൊഴിലാളികളുടെ സമരംമൂലം ഈ മേഖലയിലെ ക്രമസമാധാനം തകർന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. 2015 ഡിസംബർ അഞ്ചിന് തുടങ്ങിയ തുറമുഖ നിർമാണം പൂർത്തിയാകാറായ ഘട്ടത്തിലാണ് സമരമുണ്ടായിട്ടുള്ളത്. സർക്കാർ സമരക്കാർക്കൊപ്പമാണെന്നും പ്രതിഷേധക്കാരെ പൊലീസ് കർശനമായി തടയുന്നില്ലെന്നും ഹരജിക്കാർ ആരോപിച്ചു. ഈ ഘട്ടത്തിൽ പദ്ധതിയുടെ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് സമരക്കാർ വാദത്തിന് തുനിഞ്ഞപ്പോഴാണ് എന്ത് വാദിച്ചാലും നിർമാണ പ്രവർത്തനങ്ങൾ നിർത്താനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്. എതിർ കക്ഷികളിൽ ചിലർക്ക് നോട്ടീസ് അയക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായില്ലെന്ന് കക്ഷികൾ പറഞ്ഞു. തുടർന്ന് ഹരജികൾ വീണ്ടും ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.
ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 16 മുതൽ നടത്തുന്ന രാപ്പകൽ സമരംമൂലം നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടി വന്നതായി ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംരക്ഷണം നൽകാൻ പൊലീസിന് സാധിക്കില്ലെങ്കിൽ കേന്ദ്രസേനയെ നിയോഗിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.