ഒരാൾ എന്തെങ്കിലും പറഞ്ഞാൽ ഗൂഢാലോചനയാകുമോയെന്ന് കോടതി; തെളിവുകൾ പരസ്യമാക്കാനാകില്ലെന്ന് ​പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നിലവിലെ മൊഴിവെച്ച് ആരോപണം നിലനിൽക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ഹൈകോടതി. ഗൂഢാലോചന അന്വേഷിക്കാൻ പൊലീസിന് അധികാരമുണ്ട്. എന്നാൽ അന്വേഷണത്തിന് കസ്റ്റഡി ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും കോടതി പറഞ്ഞു.

ബാലചന്ദ്രകുമാറിന്റെ സിനിമയിൽനിന്ന് ദിലീപ് പിന്മാറിയതോടെയല്ലേ ആരോപണം ഉയർന്നുവന്ന​തെന്ന് കോടതി ആരാഞ്ഞു. ദിലീപ് മദ്യലഹരിയിലാണോ പറഞ്ഞതെന്ന് അന്വേഷിക്കണം. ഗൂഢാലോചനയും പ്രേരണയും വ്യത്യസ്തമാണ്. കൊല്ലുമെന്ന് വെറുതെ പറഞ്ഞാൽ പ്രേരണയായി കണക്കാക്കാൻ കഴിയില്ല. ഒരാൾ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും പറഞ്ഞാൽ ഗൂഢാലോചന സ്വഭാവത്തിലേക്ക് വരുമോയെന്നും കോടതി ചോദിച്ചു. കൃത്യം നടത്തിയാൽ ​മാത്രമല്ലേ പ്രേരണ എന്നത് കുറ്റകൃത്യമായി മാറൂയെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട് പ്രോസിക്യൂഷൻ രംഗത്തെത്തി. കേസ് പണവും സ്വാധീനവും ഉപയോഗിച്ച് അട്ടിമറിക്കരുതെന്ന് മാത്രമാണ് പറയുന്നതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ദിലീപിനെതിരെ ഡിജിറ്റല തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ കൃത്യമായ വധ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അക്കാര്യം വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ട്. അത് പരസ്യമാക്കാനാകില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ദിലീപിനെതിരെ തെളിവില്ലാതെയാണ് വധഗൂഢാലോചന ചുമത്തിയതെന്ന് ദീലിപിന്റെ അഭിഭാഷകൻ വാദിച്ചു. പൊലീസ് കെട്ടിച്ചമച്ചതാണ് ഇത്. ബാലചന്ദ്രകുമാറിൻറെ അഭിമുഖം ആസൂത്രിതമാണെന്നും നേ​രത്തേ പറഞ്ഞുപഠിപ്പിച്ച നിലയിലാണെന്നും അവർ പറഞ്ഞു. ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ വൈരുധ്യമുണ്ടെന്നും കഴിഞ്ഞ നാലുവർഷമായി ഇല്ലാത്ത ആരോപണമാണ് ഇപ്പോൾ ഉയർന്നുവരുന്നതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. 

പൊതുജനാഭിപ്രായം ദിലീപിനെതിരെയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേസ്. അറസ്റ്റ് ചെയ്യുന്ന പഴയ ദൃശ്യം കണ്ടപ്പോൾ 'അവർ അനുഭവിക്കുമെന്ന്' ശപിക്കുക മാത്രമാണ് ദിലീപ് പറഞ്ഞ​തെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ശപിക്കുന്നത് ഗൂഡാലോചന ആകുമോയെന്നും അഭിഭാഷകൻ ചോദിച്ചു. ബൈജു പൗലോസിനെ ട്രക്ക് ഇടിച്ചാലും അതു നമ്മൾ ചെയ്യിച്ചെന്ന് വരുമെന്നാണ് പറഞ്ഞതെന്നും അഭിഭാഷകൻ പറഞ്ഞു. 

Tags:    
News Summary - HighCourt Dileep Anticipatory Bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.