െകാച്ചി: മൺസൂൺകാലത്തെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സർക്കാറുണ്ടാക്കുന്ന ഏതുചട്ടവും പരമ്പരാഗത മത്സ്യബന്ധന വിഭാഗങ്ങൾക്കും കർശനമായി നടപ്പാക്കണമെന്ന് ഹൈകോടതി. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ താല്‍പര്യവും മത്സ്യസമ്പത്തും സംരക്ഷിക്കാനാണ്. ഇൗ സാഹചര്യത്തിൽ ഇവ പരമ്പരാഗത ബോട്ടുകളുടെയും മത്സ്യബന്ധനം നടത്തുന്നവരുടെയും കാര്യത്തിലും ബാധകമാക്കണമെന്ന് കോടതി നിർദേശിച്ചു.
ട്രോളിങ് നിരോധന കാലയളവ് 47ല്‍നിന്ന് 52 ദിവസമായി ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് കൊല്ലം ജില്ല ഫിഷിങ് ബോട്ട് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡൻറ് ചാര്‍ളി ജോസഫ് സമര്‍പ്പിച്ച ഹരജി തള്ളിയാണ് സിംഗിൾ ബെഞ്ച് നിർദേശം. കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെ ജൂണ്‍ 15ന് തുടങ്ങി ജൂലൈ 31ന് അവസാനിക്കുന്ന തരത്തിൽ നിരോധനം പുനഃസ്ഥാപിക്കണമെന്നായിരുന്നു ഹരജിക്കാരെൻറ ആവശ്യം. വിദഗ്ധസമിതി റിപ്പോർട്ടുപോലുമില്ലാതെ സര്‍ക്കാറിെൻറ അധികാര പരിധിക്കപ്പുറമുള്ള ഉത്തരവാണ് പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും ഹരജിക്കാരന്‍ വാദിച്ചു.
മത്സ്യസമ്പത്തും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ താല്‍പര്യവും സംരക്ഷിക്കാനാണ് നിരോധന കാലയളവ് വർധിപ്പിച്ചതെന്നായിരുന്നു സർക്കാർ വാദം. പ്രതികൂല കാലാവസ്ഥയില്‍നിന്ന് മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കണമെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. എല്ലാ കക്ഷികളുടെയും യോഗം വിളിച്ചശേഷമാണ് ട്രോളിങ് നിരോധനത്തിൽ തീരുമാനമെടുത്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ട്രോളിങ് നിരോധനം കൊണ്ടുവരുംമുമ്പ് ഗുണദോഷങ്ങൾ സര്‍ക്കാര്‍ പരിശോധിച്ചിരുന്നതായി രേഖകളിൽനിന്ന് വ്യക്തമാകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ട്രോളിങ് നിരോധനം സംബന്ധിച്ച് കേരളം പാലിക്കേണ്ട വ്യവസ്ഥകളെന്ന തരത്തിൽ പ്രത്യേകിച്ച് ഉത്തരെവാന്നും സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടില്ല. സുപ്രീംകോടതി ഉത്തരവിൽ പറയുന്ന കാലയളവിൽ നിരോധനത്തിന് കേരളം നേരേത്ത തയാറായിട്ടില്ലെന്ന കാരണത്താൽ ഇനി അത് പാടില്ലെന്ന് നിർദേശിക്കാനാകില്ല. അതിനാൽ, സര്‍ക്കാര്‍ ഉത്തരവ് സ്വേച്ഛാപരമോ നിയമവിരുദ്ധമോ അനീതിയോ ആയി കാണാനാവില്ല. ഇൗ സാഹചര്യത്തിൽ ഹരജി നിലനിൽക്കില്ലെന്ന് വ്യക്തമാക്കി കോടതി തള്ളി. തുടർന്നാണ് പരമ്പരാഗത മത്സ്യബന്ധന മേഖലക്കും ചട്ടങ്ങൾ ബാധകമാക്കണമെന്ന നിർദേശം നൽകിയത്.
പുനഃപരിശോധന ഹരജി നൽകിയേക്കും
കൊച്ചി: മൺസൂൺകാലത്തെ മത്സ്യബന്ധന ചട്ടങ്ങൾ പരമ്പരാഗത മത്സ്യബന്ധന വിഭാഗങ്ങൾക്കും കർശനമായി നടപ്പാക്കണമെന്ന ഹൈകോടതി സിംഗിൾ ബെഞ്ചിെൻറ ഉത്തരവിനെതിരെ സർക്കാർ പുനഃപരിശോധന ഹരജി നൽകിയേക്കും. ഉത്തരവ് നടപ്പാക്കിയാൽ ട്രോളിങ് നിരോധനം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുകൂടി ബാധകമാക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് സർക്കാർ ഇത്തരമൊരു ഹരജി നൽകാൻ ഒരുങ്ങുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ് നിരോധനം ബാധകമല്ലെന്നിരിക്കെ കോടതിവിധി ദൂരവ്യാപക പ്രത്യാഘാതത്തിന് കാരണമായേക്കുമെന്ന് ചൂണ്ടിക്കാട്ടിയാവും പുനഃപരിശോധന ഹരജി നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.