കൊച്ചി: ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റ പട്ടിക നടപ്പാക്കരുതെന്നാവശ്യപ്പെടുന്ന ഹരജി ഹൈകോടതി തള്ളി. ഹൈകോടതി ഉത്തരവ് പ്രകാരമാണ് സമയപരിധിക്കകത്ത് നിന്ന് സർക്കാർ ഇപ്പോൾ കരട് സ്ഥലംമാറ്റ പട്ടിക തയാറാക്കി നടപ്പാക്കുന്നതെന്നും ഇൗ ഘട്ടത്തിൽ പൂർണമായും പട്ടിക തള്ളിക്കളയാനാവില്ലെന്നും വ്യക്തമാക്കിയാണ് ഉത്തരവ്. അതേസമയം, പട്ടിക സംബന്ധിച്ച് നിശ്ചിത സമയപരിധിക്കകം പരാതി നൽകിയ അധ്യാപകരുടെ കാര്യത്തിൽ അവരെക്കൂടി കേട്ടശേഷം വേണം തീർപ്പുണ്ടാക്കാനെന്നും കോടതി നിർദേശിച്ചു.
കഴിഞ്ഞ ജൂണിൽ പുറപ്പെടുവിച്ച സ്ഥലംമാറ്റ പട്ടിക ചോദ്യം ചെയ്ത് ഒരുവിഭാഗം അധ്യാപകർ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂലവിധി നേടിയിരുന്നു. ഇതിനെതിരെ സർക്കാർ ഹൈകോടതിയെ സമീപിച്ചു. ഒാക്ടോബർ 25നകം സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കാനായിരുന്നു കോടതി നിർദേശം. ഇതിനുപിന്നാലെ സ്ഥലംമാറ്റത്തിലെ അപാകതകൾ പരിഹരിച്ച് നടപ്പാക്കാനാകുന്നവിധം റിപ്പോർട്ട് നൽകാൻ സർക്കാർ സമിതിയെ നിയോഗിച്ചു. മൂന്നുമാസ കാലാവധിയാണ് സമിതിക്ക് നൽകിയത്. സമിതിയുടെ കാലാവധി തീരാൻ ഇനിയും ദിവസങ്ങൾ ബാക്കിയുണ്ട്.
ഇതിനിടെയാണ് ഒാക്ടോബർ 12ന് കരട് പട്ടിക പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ അധ്യാപകർ കെ.എ.ടിയെ സമീപിക്കുകയായിരുന്നു. അനുകൂല ഉത്തരവ് ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.സമിതി റിപ്പോർട്ട് വരാതെതന്നെ സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിച്ചത് ശരിയായ നടപടിയല്ലെന്നായിരുന്നു ഹരജിയിലെ വാദം. എന്നാൽ, കോടതി നിർദേശപ്രകാരം ഒാക്ടോബർ 25നകം സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കേണ്ടതിനാൽ പട്ടികയും തുടർനടപടികളും തടയാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, പരാതി നൽകിയവരെ പരിഗണിച്ച് തീർപ്പാക്കണമെന്ന് നിർദേശിക്കുകയായിരുന്നു. കരട് പട്ടിക പ്രസിദ്ധീകരിച്ച ഒാക്ടോബർ 12 മുതൽ 22 വരെയാണ് പരാതി നൽകാൻ അവസരം നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.