തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ ഉത്തരവ് മറികടക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ വളഞ്ഞവഴി ശ്രമങ്ങൾ ഹയർസെക്കൻഡറി അധ്യാപക സ്ഥലംമാറ്റ നടപടികൾ ഒന്നടങ്കം പ്രതിസന്ധിയിലാക്കി. നേരത്തേ ട്രൈബ്യൂണൽ റദ്ദാക്കിയ പട്ടികയിലെ അധ്യാപകരെ ഹൈകോടതി ഉത്തരവ് സ്വന്തംനിലക്ക് വ്യാഖ്യാനിച്ച് പുതിയ സ്കൂളിൽ ജോയൻറ് ചെയ്യാൻ അനുമതി നൽകിയ ഉത്തരവ് കോടതിയലക്ഷ്യനടപടിയെ തുടർന്ന് വിദ്യാഭ്യാസ ഡയറക്ടർ പിൻവലിച്ചിരുന്നു.
ഇതോടെയാണ് സ്ഥലംമാറ്റത്തിലെ കുരുക്ക് മുറുകിയത്. മേയ് നാലിന് ഇറക്കിയ സർക്കുലർ പിൻവലിക്കുകയാണെന്ന് ഓൺലൈനിൽ ഹാജരായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചത് ട്രൈബ്യൂണൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് 21ന് വീണ്ടും പരിഗണിക്കും മുമ്പ് വിദ്യാഭ്യാസ വകുപ്പ് എന്തു തുടർനടപടികൾ സ്വീകരിക്കുമെന്നത് നിർണായകമാണ്. നേരത്തേ മാതൃജില്ലക്ക് പുറത്തുള്ള സർവിസ് സീനിയോറിറ്റി മാതൃജില്ലയിലേക്കും സമീപ ജില്ലകളിലേക്കും പരിഗണിച്ച് പുതിയ സ്ഥലംമാറ്റ പട്ടിക തയാറാക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തിന് ഡയറക്ടർക്കെതിരെ ട്രൈബ്യൂണൽ കോടതിയലക്ഷ്യ നടപടി തുടങ്ങിയിരുന്നു.
സ്ഥലംമാറ്റത്തിൽ സ്റ്റേ നിലനിൽക്കെ പട്ടിക പ്രസിദ്ധീകരിച്ച് സ്ഥലംമാറ്റ ഉത്തരവിറക്കുകയായിരുന്നു. രണ്ടു സ്ഥലംമാറ്റ പട്ടിക റദ്ദാക്കിയ ട്രൈബ്യൂണൽ നടപടികൾ തടഞ്ഞിരുന്നു. ഇതോടെ സർക്കാർ ഉത്തരവിന്റെ ബലത്തിൽ വിടുതൽ വാങ്ങിയ നൂറുകണക്കിന് അധ്യാപകർക്ക് പുതിയ സ്കൂളിൽ ജോയൻറ് ചെയ്യാൻ കഴിയാതായി. ഇതിനിടെയാണ് അധ്യാപകർ വീണ്ടും ഹൈകോടതിയെ സമീപിച്ച് ഇടക്കാല ഉത്തരവ് സമ്പാദിച്ചത്. പ്രാബല്യത്തിലായ സ്ഥലംമാറ്റത്തെ ഉത്തരവ് ബാധിക്കില്ലെന്ന ഇടക്കാല വിധി വ്യാഖ്യാനിച്ച് വിടുതൽ ചെയ്ത അധ്യാപകർക്ക് പുതിയ സ്കൂളിൽ ജോയൻറ് ചെയ്യാൻ അനുമതി നൽകി മേയ് നാലിന് ഡയറക്ടർ സർക്കുലർ ഇറക്കിയിരുന്നു. ഇതിനെതിരെയാണ് അധ്യാപകർ കോടതിയലക്ഷ്യ ഹരജി നൽകിയതും പിൻവലിച്ചെന്ന് ഡയറക്ടർ അറിയിക്കുകയും ചെയ്തത്.
ഹയർസെക്കൻഡറി അധ്യാപക സ്ഥലംമാറ്റത്തിൽ സ്റ്റേ ഉത്തരവ് നിലവിലിരിക്കെ ഭരണാനുകൂല സംഘടന നടത്തിയ സമ്മർദത്തെ തുടർന്നാണ് സ്ഥലംമാറ്റ പട്ടിക വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചത്. ഇതാണ് വിദ്യാഭ്യാസ വകുപ്പിനെ കുരുക്കിലാക്കിയതും സ്ഥലംമാറ്റ നടപടികൾ ഒന്നടക്കം സ്തംഭനത്തിലാക്കിയതും. അതേസമയം, ട്രൈബ്യൂണൽ ഉത്തരവിനെതിരെ വീണ്ടും ഹൈകോടതിയെ സമീപിക്കാനുള്ള സാധ്യത തേടുകയാണ് വിദ്യാഭ്യാസ വകുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.