തൃശൂർ: ഹൈറിച്ച് തട്ടിപ്പു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടികൾ കടുപ്പിക്കുമ്പോഴും പ്രധാന അന്വേഷണം നടത്തേണ്ട കേന്ദ്ര ഏജൻസിക്ക് അനക്കമില്ല. വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി വ്യാപിച്ചുകിടക്കുന്ന കേസിൽ കേന്ദ്ര ഏജൻസിയുടെ വിശദാന്വേഷണം ആവശ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. എന്നാൽ, തട്ടിപ്പിന്റെ വ്യാപ്തി കൂടിവരുമ്പോഴും അന്വേഷണം തുടങ്ങാൻ സി.ബി.ഐ തയാറായിട്ടില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിശാല അന്വേഷണത്തിന് പരിമിതിയുണ്ട്. സി.ബി.ഐ അന്വേഷണം തുടങ്ങാത്ത സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നുണ്ടെങ്കിലും ഫലപ്രദമാകാൻ സാധ്യത കുറവാണ്.
സംസ്ഥാനം കണ്ട ഏറ്റവും വലിയ നിക്ഷേപക തട്ടിപ്പാണ് ഹൈറിച്ച് നടത്തിയതെന്നാണ് കണ്ടെത്തൽ. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി കമ്പനി 1630 കോടി രൂപയുടെ തട്ടിപ്പെങ്കിലും നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ പുരോഗതി റിപ്പോർട്ട്. എന്നാൽ, ഇ.ഡി അന്വേഷണത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളത് 3141 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ്. പൊലീസ് യഥാസമയം അന്വേഷണം നടത്തിയിരുന്നെങ്കിൽ തട്ടിപ്പിന്റെ വ്യാപ്തി കുറക്കാമായിരുന്നെന്നാണ് ഇ.ഡി നിലപാട്.
മുഖ്യപ്രതിയായ കെ.ഡി. പ്രതാപനെതിരെ 2011മുതൽ വിവിധ സ്റ്റേഷനുകളിൽ സാമ്പത്തിക തട്ടിപ്പ് കേസുകൾ നിലവിലുണ്ടായിരുന്നു. ഹൈറിച്ചുമായി ബന്ധപ്പെട്ട് പരാതി നൽകിയപ്പോൾ ആദ്യഘട്ടത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ പോലും ചേർപ്പ് പൊലീസ് തയാറായിരുന്നില്ല.
റിട്ട. എസ്.പിയായ വടകര സ്വദേശി പി.എ. വൽസനാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ചേർപ്പ് പൊലീസിന്റെ നടപടിക്കെതിരെ തൃശൂർ ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയും അവഗണിക്കപ്പെട്ടു.
ഒടുവിൽ കോടതി ഇടപെടലിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്യാൻ തയാറായത്. ഡിജിറ്റൽ കറൻസിയാക്കി തട്ടിപ്പ് പണം കടത്തിയതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണമാണ് ഇ.ഡി നടത്തുന്നത്. 11 ക്രിപ്റ്റോ വാലറ്റുകളാണ് പ്രതാപന്റേയും കമ്പനിയുടേയും പേരിലുള്ളതെന്നാണ് കണ്ടെത്തിയിട്ടുളളത്. പ്രതാപനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതോടെ നിക്ഷേപതട്ടിപ്പിലൂടെ സമാഹരിച്ച പണം രാജ്യത്തിന് പുറത്തേക്ക് കടത്തിയതിന്റെ വിശദാംശങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. കമ്പനിയുടെ പ്രവർത്തനത്തിൽ പ്രധാന പങ്ക് വഹിച്ച ഇരുപതോളം പേർ ഇ.ഡി നിരീക്ഷണത്തിലുണ്ട്.
വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകി
തൃശൂർ: ഹൈറിച്ച് തട്ടിപ്പിൽ കേസെടുക്കുന്നതിലും അന്വേഷണത്തിലും അലംഭാവം കാണിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര കത്ത് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.