ചാലക്കുടി: ദേശീയപാത കേന്ദ്രീകരിച്ച് വൻ കൊള്ളകൾ നടത്തിവന്ന സംഘം പിടിയിൽ. അതിരപ്പിള്ളി സ്വദേശികളായ കണ്ണൻകുഴി മുല്ലശ്ശേരി വീട്ടിൽ കനകാംബരൻ (38), വെറ്റിലപ്പാറ വഞ്ചിക്കടവ് അമ്പലത്തിനു സമീപം ചിത്രക്കുന്നേൽ വീട്ടിൽ സതീശൻ (48), കൊന്നക്കുഴി സ്വദേശിയും വർഷങ്ങളായി പാലക്കാട് വടക്കഞ്ചേരി കിഴക്കഞ്ചേരിയിൽ താമസിക്കുന്ന ഏരുവീട്ടിൽ ജിനു എന്നു വിളിക്കുന്ന ജിനീഷ് (41), വെറ്റിലപ്പാറ ചക്കന്തറ ക്ഷേത്രത്തിനു പിറകിൽ താമസിക്കുന്ന പുത്തനമ്പൂക്കൻ വീട്ടിൽ അജോ (42), പാലക്കാട് വടക്കഞ്ചേരി കമ്മാന്തറ സ്വദേശി പ്രധാനി വീട്ടിൽ ഫൈസൽ (34) എന്നിവരാണ് പിടിയിലായത്.
തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ഡോ. നവനീത് ശർമയുടെ നിർദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പി കെ. സുമേഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
കഴിഞ്ഞ പത്തിന് ഗുജറാത്ത് രാജ്കോട്ട് സ്വദേശിയായ വ്യവസായി റഫീക്ഭായി സെയ്ത് കാറിൽ ഡ്രൈവറോടൊത്ത് മുംബൈക്ക് വരുമ്പോൾ മുംബൈ-അഹ്മദാബാദ് ദേശീയപാതയിൽ പൽഘാർ ജില്ലയിൽ പുലർച്ച മൂന്നു കാറിലായെത്തിയ സംഘം വാഹനം തടഞ്ഞ് ഡ്രൈവറുടെ വശത്തെ ചില്ല് തകർത്ത് യാത്രികരെ മർദിച്ച് പുറത്തിറക്കി കാർ തട്ടിയെടുത്ത് അതിലുണ്ടായിരുന്ന 73 ലക്ഷത്തിലധികം രൂപ കൊള്ളയടിച്ച് വിക്രംഘട്ട് എന്ന സ്ഥലത്ത് ഉപേക്ഷിച്ചിരുന്നു.
പരാതിയിൽ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് അന്വേഷണ സംഘം വാഹനനമ്പറുകൾ കണ്ടെത്തിയെങ്കിലും അവ വ്യാജമായിരുന്നു. തുടർന്ന് ഇത്തരം കൊള്ളസംഘങ്ങളെപ്പറ്റിയുള്ള അന്വേഷണത്തിലാണ് തൃശൂർ ജില്ല കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്.
സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം പൽഘാർ ജില്ല പൊലീസ് സൂപ്രണ്ട് തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവിയെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ നിർദേശപ്രകാരം അന്വേഷണ സംഘത്തെ ചാലക്കുടിയിലേക്ക് അയക്കുകയായിരുന്നു. ചാലക്കുടിയിലെത്തിയ മുംബൈ പൊലീസ് ടോൾപ്ലാസയിലെ അവ്യക്ത സി.സി.ടി.വി ദൃശ്യങ്ങൾ ചാലക്കുടി പൊലീസിനെ കാണിച്ചു.
പ്രതികളെ തിരിച്ചറിയുകയും നേരം ഇരുട്ടി വെളുക്കുന്നതിനുമുമ്പേ ചാലക്കുടി ഡിവൈ.എസ്.പിയുടെ സ്ക്വാഡ് പ്രതികളെ പിടികൂടി മുംബൈ പൊലീസിന് കൈമാറുകയും ചെയ്തു. ചാലക്കുടി പൊലീസ് സംഘത്തിന്റെ വേഗവും മികവും തങ്ങളെ അമ്പരപ്പിച്ചതായി മുംബൈ പൊലീസ് സബ് ഇൻസ്പെക്ടർമാരായ ഗൺപത് സുലൈ, സ്വപ്നിൽ സാവന്ത് ദേശായി എന്നിവർ പറഞ്ഞു.
ക്രൈം സ്ക്വാഡ് അംഗങ്ങളായ വി.ജി. സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
പിടിയിലായവരിൽ ജിനീഷ് വർഷങ്ങൾക്കുമുമ്പ് വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ ടിപ്പർ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ടയാളാണെന്നും മറ്റു നിരവധി കൊള്ളസംഭവങ്ങളിൽ പങ്കുള്ളതായും അന്വേഷണ സംഘം കണ്ടെത്തി. ഫൈസൽ കോങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടു കോടിയിൽപരം രൂപ കൊള്ളയടിച്ച കേസുള്ളയാളാണ്. കനകാംബരനും സതീശനും അതിരപ്പിള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ അനധികൃത മദ്യവിൽപന നടത്തിയതിന് കേസുള്ളവരാണ്.
വിശദമായ ചോദ്യംചെയ്യലിൽ ഏഴു കോടി രൂപ വാഹനത്തിലുണ്ടായിരുന്നെന്ന വിവരമാണ് പുറത്തുവരുന്നത്. കൂട്ടാളികൾ പണം മുഴുവൻ കൊണ്ടുപോയതായാണ് ഇവർ പറയുന്നതെങ്കിലും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതികളെ മുംബൈയിലെത്തിച്ച് വിശദമായി ചോദ്യംചെയ്യും. ഇവരുടെ കൂട്ടാളികളെ കണ്ടെത്താൻ ഊർജിത അന്വേഷണം നടത്തുമെന്നും മുംബൈ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.