പാലക്കാട്: 'ഹിന്ദുവിെൻറ പണം ഹിന്ദുക്കൾക്ക്' മുദ്രാവാക്യവുമായി സംഘ്പരിവാർ പിന്തുണയോടെ ആരംഭിച്ച 'ഹിന്ദു ബാങ്കി'ന്‍റെ പേരിൽ ചെർപ്പുളശ്ശേരിയിൽ വമ്പൻ തട്ടിപ്പ്. നിക്ഷേപകരിൽനിന്നും ലക്ഷങ്ങൾ തട്ടി അടച്ചുപൂട്ടിയെന്നാണ് പരാതി. ബാങ്ക് ചെയർമാൻ സുരേഷ് കൃഷ്ണക്കും ഡയറക്ടർ പ്രശാന്ത് തച്ചങ്ങോട്ടിലിനുമെതിരെ, നിക്ഷേപകർ ചെർപ്പുള്ളശ്ശേരി പൊലീസിൽ പരാതി നൽകി.
ഹിന്ദുസ്ഥാൻ ഡെവലപ്മെൻറ് ബെനിഫിറ്റ്സ് നിധി ലിമിറ്റഡ് എന്ന പേരിൽ ആരംഭിച്ച ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ഒരു വർഷത്തിനുള്ളിൽ കോടികൾ സമാഹരിച്ച് അടച്ചുപൂട്ടിയതെന്ന് നിക്ഷേപകർ പറയുന്നു. 2020 ഫെബ്രുവരിയിലാണ് ചെർപ്പുളശ്ശേരിയിൽ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. ബാങ്കിതര ധനകാര്യ സ്ഥാപനമായിട്ടാണ് ഇത് കേന്ദ്ര കോർപറേറ്റ് അഫയേഴ്സ് വകുപ്പിൽ രജിസ്റ്റർ ചെയ്തത്.
സംഘ്പരിവാർ സംഘടനകളിലെ പ്രാദേശിക നേതാക്കളാണ് നടത്തിപ്പുകാർ. ഹിന്ദുക്കൾക്കുേവണ്ടിയുള്ള സ്ഥാപനം എന്ന നിലക്കാണ് ഇവർ പരിചയപ്പെടുത്തിയത്. സംഘ്പരിവാർ പ്രവർത്തകരിൽനിന്നും അനുഭാവികളിൽനിന്നുമാണ് ഒാഹരിയും നിക്ഷേപവും സ്വീകരിച്ചത്. ഉയർന്ന പലിശ വാഗ്ദാനം ചെയ്തിരുന്നു.
സ്ഥാപനത്തിന്‍റെ ചെയർമാൻ സുരേഷ് കൃഷ്ണ ആർ.എസ്.എസ് മുൻ ജില്ല നേതാവാണ്. ഡയറക്ർമാരിൽ ഒരാളായ അനിൽകുമാറിന് ആർ.എസ്.എസ് ബന്ധമുണ്ട്. സ്ഥാപനത്തിെൻറ പ്രമോട്ടിങ് ഡയറക്ടർമാരും സംഘ്പരിവാർ സംഘടനകളിലെ ഭാരവാഹികളാണ്. അനിൽകുമാർ കഴിഞ്ഞ നവംബറിൽ രാജിവെച്ചതായി പറയുന്നു. പ്രമോട്ടിങ് ഡയറക്ടർമാരും രാജി നൽകിയതായി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ചെയർമാൻ സുരേഷ് കൃഷ്ണയും മറ്റൊരു ഡയറക്ടറായ പ്രശാന്ത് തച്ചങ്ങോട്ടിലുമാണ് തട്ടിപ്പിന് പിന്നിലെന്ന് ഇവർ ആരോപിക്കുന്നു. പ്രമോട്ടിങ് ഡയറക്ടർമാരായ വിനോദ് കുളങ്ങര, രാജു കൂട്ടാല, കെ. അനൂപ് തരുവക്കോണം, സി.കെ. മനീഷ്, കെ. കാർത്തിക്, കൃഷ്ണപ്രഭ എന്നിവരാണ് രാജിവെച്ചതായി ശനിയാഴ്ച വാർത്തസമ്മേളനത്തിൽ അറിയിച്ചത്. വിനോദ് കുളങ്ങരയും രാജു കൂട്ടാലയും ബി.ജെ.പി ഷൊർണ്ണൂർ മണ്ഡലം നേതാക്കളും അനൂപ്, മനീഷ് എന്നിവർ ആർ.എസ്.എസിെൻറ പ്രാദേശിക നേതാക്കളുമാണ്. സേവാഭാരതി ചെർപ്പുളശ്ശേരി മുനിസിപ്പൽ സെക്രട്ടറിയായ കെ. കാർത്തിക് ആണ് സുരേഷ് കൃഷ്ണക്കെതിരെ പൊലീസിൽ പരാതി നൽകിയത്. പണവും സ്വർണ്ണാഭരണവും വാങ്ങി കബളിപ്പിച്ചതായി ഹരീഷ് എന്നയാളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഒാഹരി മൂലധനമായി ഒരു ലക്ഷം മുതൽ 5.5 ലക്ഷം വരെ നിരവധി പേരിൽനിന്നും സ്ഥാപനം സ്വീകരിച്ചിട്ടുണ്ട്. പുറമേ 2300 രൂപ വീതം ഇനീഷ്യൽ സേവിങ്സ് ആയി 190 പേരിൽനിന്നും പിരിച്ചെടുത്തതായും പറയുന്നു. സ്ഥാപനത്തിനുവേണ്ടി വാങ്ങിയ ആറു വാഹനങ്ങൾ ചെയർമാൻ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തതായും പരാതിയുണ്ട്. സുരേഷ് കൃഷ്ണയുെട ഭാര്യയും തട്ടിപ്പിൽ പങ്കാളിയാണെന്ന് രാജിവെച്ച പ്രേമാട്ടിങ് ഡയറക്ടർമാർ ആരോപിക്കുന്നു.
പണം സ്വീകരിച്ചതിന് ആർക്കും രസീതി നൽകിയിട്ടില്ല. സ്ഥാപനത്തിെൻറ പോക്ക് ശരിയായ വഴിക്ക് അല്ലെന്ന് തോന്നിയപ്പോൾ പണം തിരിച്ചുചോദിച്ചു. ചെയർമാർ നൽകിയ ചെക്ക് അക്കൗണ്ടിൽ പണമില്ലാെത മടങ്ങിയപ്പോഴാണ് പൊലീസിൽ പരാതി നൽകിയതെന്നും പ്രമോട്ടിങ് ഡയറക്ടർമാർ പറഞ്ഞു. സുരേഷ്കൃഷ്ണയുടേയും ഭാര്യയുടേയും അക്കൗണ്ടുകളിലാണ് സ്ഥാപനത്തിെൻറ പണം നിക്ഷേപിച്ചതെന്നും ഇവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.