തന്റെ പോരാട്ടത്തിൽ ഒപ്പംനിന്നവർക്ക് നന്ദി പറഞ്ഞ് നടി ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ അവകാശവും സംരക്ഷണവും തേടിയുള്ള പോരാട്ടത്തിന് ഒപ്പം നിന്ന് നടപടി സ്വീകരിച്ച് മുഖ്യമന്ത്രിക്കും കേരള പൊലീസിനും നടി പ്രത്യേകം നന്ദിയറിയിച്ചു.
ഒരു വ്യക്തിയെ കൊന്നുകളയാൻ കത്തിയും തോക്കും ഒന്നും വേണ്ട ഇക്കാലത്തെന്നും ഒരു കൂട്ടം സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിന്നുള്ള നീചവും ക്രൂരവുമായ അസഭ്യ, അശ്ലീല ദ്വയാർഥ കമന്റുകളും പ്ലാൻറ് കാമ്പയിനും മതിയെന്നും ഹണി കുറിച്ചു. സമൂഹ മാധ്യമ ഗുണ്ടായിസത്തിന് നേതാവ് ഉണ്ടെങ്കിൽ മൂർച്ച കൂടും. പ്രതിരോധം തീർക്കാനുള്ള പോരാട്ടത്തിൽ ഒപ്പം നിന്ന് എല്ലാവർക്കും ഹണി കുറിപ്പിൽ പ്രത്യേകം നന്ദി പറയുന്നുണ്ട്.
സംസ്ഥാനം വിടാൻ ഒരുങ്ങുന്നതിനിടെയാണ് ഹണി റോസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബോബി ഗ്രൂപ്പ് ചെയർമാൻ ബോബി ചെമ്മണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട് ബോബി കർണാടകയിലേക്ക് പോകാൻ ഒരുങ്ങുന്നുവെന്ന വിവരം നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. അതുകൊണ്ടു തന്നെ പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ എറണാകുളം സെൻട്രൽ പൊലീസ് സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു. സംസ്ഥാനം കടന്ന് നിയമനടപടികൾ വൈകിപ്പിച്ച് മുൻകൂർ ജാമ്യം നേടാനുള്ള ശ്രമമാണ് പൊലീസിന്റെ ഇടപെടലോടെ പോളിഞ്ഞതെന്നാണ് സൂചന.
ഹണി റോസ് പരാതി നൽകിയതിനു പിന്നാലെ കഴിഞ്ഞ ദിവസം മാപ്പപേക്ഷയുമായി ബോബി ചാനലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. താൻ മനഃപൂർവം അധിക്ഷേപിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആളുകൾ അത്തരത്തിൽ വ്യാഖ്യാനിച്ചതാണെന്നുമായിരുന്നു ബോബിയുടെ വാദം. എന്തെങ്കിലും മോശമായി അനുഭവപ്പെട്ടെങ്കിൽ മാപ്പ് ചോദിക്കുന്നതായും ബോബി പറഞ്ഞിരുന്നു. പരാതി നൽകാൻ വൈകിയതും താൻ പരസ്യമായി മാപ്പ് പറഞ്ഞതുമുൾപ്പെടെ ചൂണ്ടിക്കാണിച്ച് മുൻകൂർ ജാമ്യം നേടാമെന്നായിരുന്നു ബോബിയുടെ കണക്കുകൂട്ടൽ. അതിനു സാധിച്ചില്ലെങ്കിൽ പിടിക്കപ്പെടാതിരിക്കാൻ ഒളിവിൽ പോകാനും പദ്ധതിയിട്ടിരുന്നുവെന്ന് സൂചനയുണ്ട്.
സമൂഹമാധ്യമങ്ങളിലെ അശ്ലീല പ്രചാരണവുമായി ബന്ധപ്പെട്ട് ഹണി റോസ് നൽകിയ പരാതിയിൽ ലൈംഗികച്ചുവയോടെയുള്ള അശ്ലീല പരാമർശത്തിനെതിരെ ഭാരതീയ ന്യായസംഹിത 75 (4) പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെയുള്ള അശ്ലീല പരാമർശത്തിനെതിരെ ഐ.ടി നിയമം 67 പ്രകാരവുമാണ് ബോബി ചെമ്മണൂരിനെതിരെ കേസെടുത്തത്. ആഗസ്റ്റ് ഏഴിന് കണ്ണൂർ ആലക്കോട് ബോബി ചെമ്മണൂരിന്റെ ജ്വല്ലറി ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോൾ നേരിട്ട ലൈംഗികാതിക്രമങ്ങളും അതിനുശേഷം പല വേദികളിലും നേരിട്ട ബുദ്ധിമുട്ടുകളും നടി പരാതിയിൽ പറയുന്നുണ്ട്. കൂടാതെ, നടിയുടെ ചിത്രം മോശമായ രീതിയിൽ തമ്പ്നെയ്ൽ ആയി ഉപയോഗിച്ച 20 യുട്യൂബർമാർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.