തേഞ്ഞിപ്പലം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് ഹോണററി ഡോക്ടറേറ്റ് നൽകണമെന്നാവശ്യപ്പെട്ടുള്ള പ്രമേയാവതരണത്തിന് അനുമതി നൽകിയിരുന്നില്ലെന്ന് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ ജയരാജ്. ഡി-ലിറ്റ് വിവാദത്തിൽ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം. ഇടത് സിൻഡിക്കേറ്റംഗം ഇ. അബ്ദുറഹിം തന്റെ അനുമതിയോടെയാണ് പ്രമേയം അവതരിപ്പിച്ചതെന്ന വാദം തള്ളിയ അദ്ദേഹം, പ്രമേയം അവതരിപ്പിക്കാൻ മുൻകൂർ അനുമതി നൽകിയിരുന്നില്ലെന്നും ഇതേക്കുറിച്ച് നേരത്തെ ചർച്ച നടത്തിയിട്ടില്ലെന്നും അറിയിച്ചു. പ്രമേയ നോട്ടീസ് വായിച്ച ശേഷമാണ് ഉള്ളടക്കം അറിഞ്ഞത്. പ്രമേയം അവതരിപ്പിക്കുന്നത് ഉടൻ തടഞ്ഞെന്നും സെർച്ച് കമ്മിറ്റിയാണ് വിഷയം ചർച്ച ചെയ്യേണ്ടതെന്ന് അറിയിച്ചെന്നും വൈസ് ചാൻസലർ വ്യക്തമാക്കി.
കഴിഞ്ഞദിവസം ചേര്‍ന്ന കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഡി-ലിറ്റ് നല്‍കുന്നത് സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകളോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ലെന്ന് രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷും അറിയിച്ചിരുന്നു. ഏതെങ്കിലും അംഗത്തിന്റെ പ്രമേയത്തിലൂടെയല്ല ഡി-ലിറ്റിന് ശിപാര്‍ശ ചെയ്യപ്പെടുന്നത്. ഡോ. പി. വിജയരാഘവന് അധ്യക്ഷനായ സമിതി ഡി-ലിറ്റ് നാമനിര്‍ദേശങ്ങള്‍ക്കായി നിലവിലുണ്ട്. ഡിലിറ്റ് നല്‍കുന്നതിനുള്ള നിര്‍ദേശം ഈ സമിതി വഴി എത്തുകയും സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയും വേണം. സിന്‍ഡിക്കേറ്റ് തീരുമാനം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ സെനറ്റ് അംഗീകരിക്കുകയും ചാന്‍സലറുടെ അനുമതിയോടെ മാത്രം നടപ്പാവുകയും ചെയ്യുന്നതാണ്. ആദരസൂചകമായി സര്‍വകലാശാല നല്കുന്ന ബഹുമതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമില്ലാതെ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ഖേദകരമാണെന്നും രജിസ്ട്രാര്‍ അറിയിച്ചിരുന്നു.
പ്രമുഖരായ രണ്ട് സമുദായ നേതാക്കളെ മുന്‍നിര്‍ത്തി രാഷ്ട്രീയലക്ഷ്യത്തോടെ യു.ഡി.എഫ് കേന്ദ്രങ്ങള്‍ നടത്തുന്ന അപവാദ പ്രചാരണമാണ് കാലിക്കറ്റ് സർവകലാശാലയിലെ ഡിലിറ്റ് വിവാദത്തിന് പിന്നിലെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പ്രസ്താവനയില്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഡിലിറ്റ് നല്‍കുന്നതിനെക്കുറിച്ച ചര്‍ച്ച നടത്തുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല. നാക് സംഘത്തിന്റെ സന്ദർശനത്തോടനുബന്ധിച്ച് സര്‍വകലാശാല തയാറെടുപ്പ് നടത്തുന്നതിനിടെ വിവാദം സൃഷ്ടിക്കാൻ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം വാര്‍ത്തകളെന്ന് ആരോപിച്ച സിന്‍ഡിക്കേറ്റ് സ്റ്റാഫ് സ്ഥിരം സമിതി കണ്‍വീനര്‍ കെ.കെ. ഹനീഫ, അടിസ്ഥാനരഹിത ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സര്‍വകലാശാല നിര്‍ബന്ധിതമാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.