ചിറ്റൂർ (പാലക്കാട്): കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ചിറ്റൂർ തത്തമംഗലത്ത് അങ്ങാടി വേല ഉത്സവത്തോടനുബന്ധിച്ച് വൻ ആൾക്കൂട്ടത്തിന് നടുവിൽ കുതിരയോട്ടം. സംഭവം വിവാദമായതോടെ പൊലീസ് കേസെടുത്തു. തത്തമംഗലം കറുപ്പസ്വാമി ക്ഷേത്രത്തിൽ രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന അങ്ങാടി വേലയോടനുബന്ധിച്ച് അരങ്ങേറിയ കുതിരയോട്ടമാണ് പൊലീസ് ഇടപെട്ട് തടഞ്ഞത്. ശനിയാഴ്ച വൈകീട്ട് കുതിരവേലയും ഞായറാഴ്ച വൈകീട്ട് ആന വേലയുമാണ് ഉത്സവത്തിലെ പ്രധാന ചടങ്ങുകൾ. 50ഓളം കുതിരകളും 30ലേറെ ആനകളും അണിനിരക്കുന്ന ചടങ്ങുകളാണ് രണ്ട് ദിവസങ്ങളായി നടക്കുക.
കോവിഡ് പടരുന്ന സാഹചര്യത്തിൽ ചടങ്ങുകൾ മാത്രമായി വേല നടത്തുമെന്നാണ് സംഘാടകർ അധികൃതരെ അറിയിച്ചിരുന്നത്. എന്നാൽ, ഇതിനു വിരുദ്ധമായി ശനിയാഴ്ച കുതിരയോട്ടം പതിവുപോലെ വിപുലമായി നടത്തുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് നടക്കാനിരുന്ന കുതിരയോട്ടത്തിെൻറ ട്രയലാണ് രാവിലെ നടന്നത്. രാവിലെ ആറു മുതൽ തന്നെ മേട്ടുപ്പാളയത്തുനിന്ന് ട്രയൽ ആരംഭിച്ചു. എട്ടുമണിയോടെ 30ഓളം കുതിരകൾ കാണികളെ ത്രസിപ്പിച്ച് ഓട്ടം ആരംഭിച്ചതോടെ നൂറുകണക്കിന് നാട്ടുകാർ കാഴ്ചക്കാരായെത്തി. റോഡിന് ഇരുവശവും വീടിെൻറ മട്ടുപ്പാവുകളിലും ജനം തിങ്ങിക്കൂടി.
ഇതിനിടെ ഒരു കുതിര നിയന്ത്രണംവിട്ട് സമീപത്തെ പോസ്റ്റിലിടിച്ച് ജനങ്ങളുടെ ഇടയിലേക്ക് പാഞ്ഞുകയറി. കുതിരയും സവാരിക്കാരനും താഴെവീണു. കാഴ്ചക്കാർ ഒഴിഞ്ഞുമാറിയതിനാൽ കൂടുതൽ അപായമൊഴിവായി.
ചിറ്റൂർ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി കുതിരയോട്ടം നിർത്തിവെപ്പിക്കുകയും നാട്ടുകാരെ പിരിച്ചുവിടുകയുമായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് വേലയുടെ സംഘാടകർക്കെതിരെയും കണ്ടാലറിയാവുന്ന 100 പേർക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.