ചാലക്കുടി: പച്ചക്കറികൾക്ക് വില കുതിച്ചുയരുമ്പോൾ ഹോർട്ടികോർപ്പിെൻറ ഔട്ട് ലെറ്റുകളിൽ പച്ചക്കറികൾ വിൽപ്പനക്കില്ല. ചാലക്കുടിയിലടക്കം ജില്ലയിലെ ഔട്ട്ലെറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. പതിവായി സാധനങ്ങൾ വാങ്ങാൻ വരുന്നവർ ഇപ്പോൾ പൊതുവിപണിയെ ആശ്രയിക്കുകയാണ്. മാസങ്ങളായി കർഷകർക്ക് ഉൽപന്നങ്ങളുടെ വില നൽകാത്തതിനാൽ കർഷകർ സാധനങ്ങൾ നൽകാത്തതാണ് പ്രധാന കാരണം.
പഴങ്ങളും കായ, വെണ്ട, പയർ, ചീര, മരച്ചീനി തുടങ്ങിയ പച്ചക്കറികളും പ്രാദേശിക കർഷകരിൽ നിന്നാണ് ഹോർട്ടികോർപ്പ് ഔട്ട് ലെറ്റുകളിൽ ശേഖരിച്ചിരുന്നത്. എന്നാൽ അവ അതിവേഗം വിറ്റഴിഞ്ഞിട്ടും അവയുടെ പണം മാസങ്ങളായി കർഷകർക്ക് തിരിച്ചു കൊടുക്കാതെ കഷ്ടപ്പെടുത്തുന്ന നയമാണ് മാനേജ്മെൻറ് സ്വീകരിച്ചത്. അതേസമയം കർഷകർക്ക് ഇതേ സാധനങ്ങൾ പൊതുവിപണിയിൽ നൽകിയാൽ അപ്പോൾ തന്നെ പണം നൽകുന്ന സംവിധാനമുള്ളപ്പോഴാണ് ഹോർട്ടികോർപ്പിെൻറ കർഷകരോടുള്ള ക്രൂരവിനോദം. കർഷകർ സാധനങ്ങൾ നൽകുന്നത് നിർത്തിയതോടെ കടകളിൽ വിൽക്കാൻ ആവശ്യവസ്തുക്കളില്ലാത്ത അവസ്ഥയായി.
തക്കാളി, കാരറ്റ്, ബീറ്റ്റൂട്ട്, സവാള, ഉരുളക്കിഴങ്ങ്, ഉള്ളി, വെളുത്തുള്ളി എന്നിവ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുത്തിയാണ് ഔട്ട് ലെറ്റുകളിൽ എത്തിച്ചിരുന്നത്. സമീപകാലത്തായി ഇവ ആവശ്യപ്പെടുന്നതിെൻറ പകുതി പോലും ഔട്ട് ലെറ്റുകൾക്ക് നൽകാതെ വന്നപ്പോൾ സ്റ്റാളുകൾ കാലിയടിച്ച് കിടക്കുകയാണ്. തമിഴ്നാട്ടിലും ആന്ധ്രയിലും വെള്ളക്കെട്ട് വന്നതോടെ അവിടെ നിന്നുള്ള പച്ചക്കറികളുടെ ഒഴുക്ക് നിലച്ച മട്ടാണ്. ഇത് പൊതുവിപണിയിലും ബാധിച്ചപ്പോൾ പച്ചക്കറിയുടെ വില കുതിച്ചുയരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.