കോഴിക്കോട്: നഗരത്തിലെ ആശുപത്രിയിൽ രാത്രിയുണ്ടായ ആക്രമണത്തിൽ ഡോക്ടർക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ നടക്കാവ് പൊലീസ് ആറുപേർക്കെതിരെ കേസെടുത്തു. ബാങ്ക് റോഡിൽ ഫാത്തിമ ഹോസ്പിറ്റലിലെ മുതിർന്ന കാർഡിയോളജിസ്റ്റ് ഡോ. പി.കെ. അശോകനെ (59) മർദിച്ച സംഭവത്തിലാണ് രോഗിയുടെ ബന്ധുക്കളടക്കമുള്ളവർക്കെതിരെ കേസെടുത്തത്. കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെ നരഹത്യശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡോക്ടറെ മർദിച്ച രണ്ടു പേർ പൊലീസിൽ കീഴടങ്ങി. കുന്ദമംഗലം സ്വദേശികളായ ബഷീർ, മുഹമ്മദലി എന്നിവരാണ് നടക്കാവ് പൊലീസിൽ കീഴടങ്ങിയത്.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുന്ദമംഗലം പുതിയക്കൽ ഹാജിറ നജയുടെ കുഞ്ഞ് ശസ്ത്രക്രിയക്കിടെ മരിച്ചിരുന്നു. തുടർന്ന് ഇവരുടെ ബന്ധുക്കൾ ഡോക്ടറുടെ ആക്രമിച്ചെന്നാണ് പരാതി. സിസേറിയനെ തുടർന്ന് കുഞ്ഞ് മരിച്ചതിലുള്ള വിരോധം വെച്ച് ആശുപത്രിയിലെ ഏഴാം നിലയിലെ നഴ്സിങ് റൂമിലെ ഗ്ലാസും ചെടിച്ചട്ടിയും മറ്റും തകർത്തതായും ഡോക്ടറെ ആക്രമിച്ചതായുമാണ് കേസ്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഡോ. അശോകൻ സുഖംപ്രാപിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ഡോക്ടറുടെ മുൻനിരയിലെ പല്ലുകൾ ഇളകിയതായും മൂക്കിന്റെ എല്ല് പൊട്ടിയതായും വായിലും മൂക്കിലും നിന്നും രക്തസ്രാവമുണ്ടായി ബോധം പോയതായും അധികൃതർ അറിയിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് നഗരപരിധിയിലെ ഡോക്ടർമാർ തിങ്കളാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറുവരെ പണിമുടക്കുമെന്ന് ഐ.എം.എ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. ബി. വേണുഗോപാലൻ, സെക്രട്ടറി ഡോ. കെ. സന്ധ്യ കുറുപ്പ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാഷ്വാലിറ്റിയും ലേബർ റൂമും ഒഴിച്ചുള്ള എല്ലാ ഒ.പി സേവനങ്ങളും ബഹിഷ്കരിക്കും. സർക്കാർ ഡോക്ടർമാരും സമരത്തോട് സഹകരിക്കും. ഫാത്തിമ ആശുപത്രിയിൽനിന്ന് സിറ്റി ജില്ല പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് തിങ്കളാഴ്ച രാവിലെ 10ന് ഡോക്ടർമാർ പ്രതിഷേധമാർച്ച് നടത്താൻ ഐ.എം.എയുടെ അടിയന്തരയോഗം തീരുമാനിച്ചു. എല്ലാ അക്രമകാരികളെയും പിടികൂടി, ജാമ്യമില്ലാവകുപ്പുകൾ പ്രകാരം കേസെടുത്തില്ലെങ്കിൽ സംസ്ഥാനം മുഴുവൻ അനിശ്ചിതകാലസമരം നടത്തുമെന്ന് ഐ.എം.എ അറിയിച്ചു. യുവതിയെ രാത്രിതന്നെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. നജയുടെ സ്ഥിതി മോശമായെന്നും സ്കാൻ റിപ്പോർട്ട് നൽകാമെന്നും പലതവണ പറഞ്ഞതല്ലാതെ തന്നില്ലെന്നും കാര്യങ്ങൾ വിശദീകരിച്ചില്ലെന്നുമാണ് ബന്ധുക്കളുടെ പരാതി.
യുവതിയുടെ അസുഖം മാറി തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്യാനിരിക്കെയാണ് ആക്രമണമെന്ന് ചികിത്സിച്ച ഡോ. അനിത അശോകൻ പറഞ്ഞു. ആശുപത്രിയിൽ ആക്രമണം കണ്ട് അന്വേഷിക്കാൻ പോയപ്പോഴാണ് അതേ ആശുപത്രിയിൽ ജോലിചെയ്യുന്ന ഭർത്താവ് ഡോ. അശോകനെ ആക്രമിച്ചത്. പൊലീസുകാരുടെ സാന്നിധ്യത്തിലുള്ള ആക്രമണം അപലപനീയമാണെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ ഓണേഴ്സ് അസോസിയേഷൻ (കെ.പി.എച്ച്.എ) പ്രസിഡന്റ് ഡോ. മിലി മോണി, സെക്രട്ടറി രജീഷ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മർദിക്കാനുണ്ടായ സാഹചര്യം തികച്ചും അപലപനീയമാണ്. അസാധാരണമായ ആശുപത്രി ആക്രമണത്തിൽ ഉൾപ്പെട്ട എല്ലാവരുടെയും പേരിൽ ശക്തമായ നടപടി ഉണ്ടാകണമെന്ന് കെ.പി.എച്ച്.എ നേതാക്കൾ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ കാർഡിയോളജി ഡോക്ടർക്ക് നേരെയുള്ള അതിക്രമത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഡോക്ടർമാരുടെ സംഘടനകൾ. തിങ്കളാഴ്ച എല്ലാ മെഡിക്കൽ കോളജുകളിലും രാവിലെ 11.30 മുതൽ 12.30 വരെ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) ഭാരവാഹികൾ വ്യക്തമാക്കി.
കോഴിക്കോട്ടെ സംഭവം കേരളത്തിലെ വൈദ്യശാസ്ത്ര സമൂഹത്തെയും പൊതുസമൂഹെത്തയും ഞെട്ടിപ്പിക്കുന്നതാണ്. ആശുപത്രി സംരക്ഷണ നിയമപ്രകാരം, ഹൈകോടതി ഉത്തരവിന് അനുസൃതമായി െപാലീസ് നടപടികൾ ശുഷ്കാന്തിയോടെ നടപ്പാക്കുകയും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന നിലയിലേക്ക് നടപടികൾ എത്തണമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. നിർമൽ ഭാസ്കർ, സംസ്ഥാന സെക്രട്ടറി ഡോ.ടി.റോസ്‌നാരാ ബീഗം എന്നിവർ പറഞ്ഞു. തിങ്കളാഴ്ച സംസ്ഥാനമൊട്ടാകെ പ്രതിഷേധദിനമായി ആചരിക്കാനാണ് കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷന്‍റെ(കെ.ജി.എം.ഒ.എ) തീരുമാനം. എല്ലാ ആശുപത്രികളിലും തിങ്കളാഴ്ച പ്രതിഷേധയോഗങ്ങൾ സംഘടിപ്പിക്കും. കുറ്റവാളികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതോടൊപ്പം ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും നിർഭയം ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുകയും വേണമെന്ന് കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു. ഐ.എം.എയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സമരത്തിന് കെ.ജി.എം.ഒ.എ പിന്തുണ പ്രഖ്യാപിക്കുന്നതായും സംസ്ഥാന പ്രസിഡന്റ് ഡോ. ടി.എൻ. സുരേഷ്, ജനറൽ സെക്രട്ടറി ഡോ.പി.കെ. സുനിൽ എന്നിവർ അറിയിച്ചു.
ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.