കായംകുളം: ഗവ. ആശുപത്രിയിലെ ആക്രമണത്തിനുശേഷം ഒളിവിൽ പോയ സി.പി.എം നേതാക്കൾക്കായി അന്വേഷണം പുരോഗമിക്കുന്നു.സി.പി.എം ടൗൺഹാൾ ബി ബ്രാഞ്ച് സെക്രട്ടറി അരുൺ, എ ബ്രാഞ്ച് സെക്രട്ടറി സുധീർ, ചിറക്കടവം ലോക്കൽ കമ്മിറ്റി അംഗം സാജിദ് എന്നിവർക്കായാണ് അന്വേഷണം.
ആശുപത്രിയിലെ അതിക്രമത്തിൽ സി.പി.എമ്മിനുള്ളിലും അഭിപ്രായവ്യത്യാസം രൂക്ഷമാണ്.പ്രതികളെ ചില നേതാക്കൾ സംരക്ഷിക്കുന്നതിനെ ചൊല്ലിയാണ് തർക്കം. കഴിഞ്ഞയാഴ്ച കല്ലുംമൂട് ജങ്ഷനിലുണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റ സുരേഷിനെ പിന്തുടർന്ന് എത്തിയ സംഘം ആശുപത്രിയിൽ അതിക്രമം കാട്ടിയെന്നാണ് കേസ്.
ആശുപത്രിക്ക് കാര്യമായ നഷ്ടമുണ്ടാക്കിയ സംഭവത്തിൽ നേതാക്കൾ പ്രതികളായതോടെ സി.പി.എം നേതൃത്വമാണ് പ്രതിരോധത്തിലായത്.റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവർ പാർട്ടി ചുമതലയിൽ എത്തിയതാണ് നേതൃത്വത്തെ വെട്ടിലാക്കിയതെന്ന് ഒരുവിഭാഗം പറയുന്നു.
കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടുന്നവർക്ക് ചുമതലകൾ നൽകരുതെന്ന നിർദേശം ലംഘിച്ചായിരുന്നു പലരും തലപ്പത്തെത്തിയത്. നേരത്തേ നിരവധി കേസുകളിൽ പ്രതികളായിരുന്നു കേസിൽ ഉൾപ്പെട്ടവർ പലരും.എന്നാൽ, ഇവർക്കെതിരെ 2017ന് ശേഷം കേസുകളൊന്നും ഇല്ലെന്നാണ് പൊലീസ് ഭാഷ്യം. പ്രത്യേക സ്കോഡ് രൂപവത്കരിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.