ഹരിപ്പാട്: മക്കൾ വീട് പൊളിച്ചു കളഞ്ഞതായി മാതാവിന്റെ പരാതി. ചിങ്ങോലി കാവുംപുറത്ത് വീട്ടിൽ പരേതനായ ഹബീബ് കുഞ്ഞിന്റെ ഭാര്യ ആമിനാബീവിയാണ് (83) കരീലകുളങ്ങര പോലീസിൽ പരാതി നൽകിയത്.
കായംകുളത്തെ മകളുടെ വീട്ടിൽ ചികിത്സാർഥം താൽകാലികമായി താമസിക്കാൻ പോയ സമയത്താണ് കോൺക്രീറ്റ് വീടിന്റെ പകുതിയിലേറെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചു കളഞ്ഞെന്നാണ് പരാതി. ഇതേതുടർന്ന് വീട് താമസയോഗ്യമല്ലാത്ത അവസ്ഥയട്‍ലായി. 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. രണ്ടു മക്കളെയും ഒരു ചെറു മകനെയും പ്രതികളാക്കിയാണ് ഇവർ കേസ് കൊടുത്തത്.
തനിക്കും ഇളയ മകൻ മാഹീൻ ഹബീബിനും അവകാശപ്പെട്ടതാണ് വീടെന്ന് 2013 ഒക്ടോബറിൽ എഴുതിയ ധന നിശ്ചയാധാരം കാണിച്ച് ആമിനാ ബീവി പറയുന്നു. പതിറ്റാണ്ടുകളായി താമസിച്ചു വന്ന വീടാണ് തന്റെ അനുവാദം പോലും ചോദിക്കാതെ പൊളിച്ചതെന്ന് ഇവർ പറഞ്ഞു. തന്റെ പേരിലുള്ള ഒമ്പത് സെന്റ് സ്ഥലവും വീടും സഹോദരൻ കയ്യേറിയതായി കാണിച്ച് ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്ന മാഹീൻ ഹബീബും ചെങ്ങന്നൂർ ആർ.ഡി.ഒക്ക് ഇ മെയിൽ മുഖാന്തിരം പരാതി നൽകിയിട്ടുണ്ട്.
എന്നാൽ, ആകെയുള്ള 18 സെൻറിൽ ഒമ്പത് സെൻറ് സ്ഥലം വിലയാധാര പ്രകാരം തനിക്ക് അവകാശപ്പെട്ടതാണെന്നും റവന്യു അധികാരികൾ സ്ഥാപിച്ച അതിർത്തി കല്ലുകൾക്ക് ഉള്ളിലുള്ള വീടിന്റെ ഭാഗമാണ് പൊളിച്ച് നീക്കിയതെന്നുമാണ് എതിർകക്ഷികൾ പറയുന്നത്. ഇത് സംബന്ധിച്ച രേഖകൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ടെന്നും അവർ പറയുന്നു. സംഭവത്തിൽ കരീലക്കുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.