കെ-റെയിലിനെ അനുകൂലിക്കുന്നവർക്ക് 'വൻ ഓഫർ'; മൂന്നിരട്ടി 'ലാഭ'ത്തിൽ വീടുവാങ്ങാം

ചങ്ങനാശ്ശേരി: കെ-റെയിലിനെ അനുകൂലിക്കുന്നവർക്ക് 'വൻ ലാഭത്തിൽ' വീട് വാങ്ങാമെന്ന് 'ഓഫറു'മായി ഫേസ്ബുക്ക് പോസ്റ്റുകൾ. സർക്കാർ മൂന്നിരട്ടി വില പ്രഖ്യാപിച്ചിരിക്കുന്നതിനാൽ സിൽവർ ലൈൻ കടന്നുപോകുന്ന പ്രദേശത്തെ വീട് കുറഞ്ഞ വിലക്ക് വിൽക്കാൻ തയാറാണെന്നും വാങ്ങുന്നവർക്ക് വൻ ലാഭം ലഭിക്കുമെന്നുമാണ് പോസ്റ്റുകളുടെ ഉള്ളടക്കം. സർക്കാർ പ്രഖ്യാപിച്ച വൻ നഷ്ടപരിഹാരം സ്വീകരിക്കാനുള്ള കപ്പാസിറ്റി ഇല്ലാത്തതിനാലാണ് വിൽക്കുന്നതെന്ന പരിഹാസവും പോസ്റ്റുകളിലുണ്ട്. കെ-റെയിലിനെ അനുകൂലിക്കുന്നവ​രെ 'ട്രോളി' പോസ്റ്റ് ഇട്ടവർക്കെതിരെ സൈബർ ആക്രമണവും രൂക്ഷമാണ്. ഇതേ തുടർന്ന് ഒരു ഗൃഹനാഥൻ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.

ചങ്ങനാശ്ശേരി മാടപ്പള്ളിയിലെ മനോജ് വർക്കി, സനില ഡർബിൻ എന്നിവരാണ് വിലക്കുറവിൽ വീട് വിൽക്കാൻ തയാറാണെന്ന് കാട്ടി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ശനിയാഴ്ച മനോജ് ഇട്ട പോസ്റ്റ് വൈറലാകുകയും സൈബർ ആക്രമണം ഉണ്ടാകുകയും ചെയ്തു. തുടർന്ന് മനോജ് പോസ്റ്റ് പിൻവലിക്കുകയായിരുന്നു. 60 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച വീട് 50 ലക്ഷത്തിന് വില്‍ക്കുമെന്നാണ് മനോജ് പറഞ്ഞത്. സർക്കാർ മൂന്നിരട്ടി വില പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലമാണെന്നും അത്രയും പണം സ്വീകരിക്കാനുള്ള കപ്പാസിറ്റി ഇല്ലാത്തതുകൊണ്ടാണ് വിൽക്കുന്നതെന്നും ചൂണ്ടിക്കാട്ടിയ മനോജ്, കെ-റെയിലിനെ അനുകൂലിക്കുന്ന ഏതെങ്കിലും മഹദ് വ്യക്തികള്‍ വീടും സ്‍ഥലവും വാങ്ങാൻ മുന്നോട്ടുവരണമെന്നാണ് ആവശ്യപ്പെട്ടത്.

പദ്ധതി മൂലം കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് മൂന്നിരട്ടി നഷ്ടപരിഹാരം ലഭിക്കുമെന്നും മുമ്പുള്ളതിനേക്കാള്‍ മികച്ച ജീവിത സാഹചര്യമുണ്ടാകുമെന്നുമുള്ള പ്രചാരണങ്ങളെ പരിഹസിച്ചായിരുന്നു മനോജിന്റെ പോസ്റ്റ്. തുടർന്ന് സൈബർ ആക്രമണം രൂക്ഷമായതോടെ അത് പിൻവലിക്കുകയും ചെയ്തു.

'എന്റെ വേദനയാണ് പോസ്റ്റായിട്ടത്, മുന്നിൽ ഉറക്കമില്ലാത്ത രാത്രികൾ'

'ഉറക്കമില്ലാത്ത രാത്രികളാണ് മുമ്പിലുള്ളത്. എന്റെ വേദനയാണ് പോസ്റ്റായിട്ടത്' -മനോജ് വർക്കിക്ക് പറയാനുള്ളത് ഇതാണ്. വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷ നേടിയാണ് മനോജും കുടുംബവും കുട്ടനാട്ടില്‍ നിന്നും മാടപ്പള്ളിയിലെത്തിയത്. പ്രളയവും വെള്ളപ്പൊക്കവും ഇനി പേടിക്കേണ്ട എന്ന് കരുതിയിരിക്കുമ്പോളാണ് ഉറക്കം കെടുത്തി കെ-റെയില്‍ സില്‍വര്‍ ലൈന്‍ പാത എത്തിയത്. ഇതോടെ കെ-റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ ഭാഗമായി പ്രതിഷേധങ്ങള്‍ക്കൊപ്പം മനോജും കുടുംബവും ഉണ്ട്.

കഴിഞ്ഞ ദിവസം മാടപ്പള്ളിയില്‍ കല്ലിടീന് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്കിടയില്‍ മനോജിനെയും ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് വിട്ടയയ്ക്കാതെ കസ്റ്റഡിയില്‍ വൈച്ചിരുന്ന മൂന്നുപേരില്‍ ഒരാള്‍ മനോജായിരുന്നു. 'എനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടികളോടും എതിര്‍പ്പില്ല. കുട്ടനാട്ടില്‍ നിന്നും വെള്ളപ്പൊക്കം ഭയന്നാണ് രണ്ടു പെണ്‍കുട്ടികളും ഭാര്യയുമായി മാടപ്പള്ളിയില്‍ താമസം തുടങ്ങിയത്. കെ-റെയില്‍ സില്‍വര്‍ ലൈന്‍ പാത കടന്നുപോവുന്നത് എന്റെ സ്ഥലത്തു കൂടെയാണ്. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാറില്‍ നിന്നും വ്യക്തമായ നിർദേശങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. സംസ്ഥാനത്തുടനീളം ഉയരുന്ന പ്രതിഷേധങ്ങളില്‍ ആശങ്ക വര്‍ധിക്കുകയാണ് ചെയ്യുന്നത്'- മനോജ് പറയുന്നു.

കിടപ്പാടം വിട്ട് ഇറങ്ങേണ്ടി വന്നാല്‍ എവിടെ പോകേണ്ടി വരുമെന്നോ അതിന് നഷ്ടപരിഹാരം ലഭിക്കുമെന്നോ ഒരു അറിയിപ്പും രേഖാമൂലം കിട്ടിയിട്ടില്ലെന്ന് മനോജ് വ്യക്തമാക്കുന്നു. 'എന്റെ വേദനയാണ് പോസ്റ്റായിട്ടത്. എന്നാൽ, അതിനെതിരെ സര്‍ക്കാറിനെ അനുകൂലിക്കുന്നവര്‍ എതിര്‍പ്പും പ്രതിഷേധവുമായി രംഗത്തെത്തി. അവര്‍ക്ക് തങ്ങൾ അനുകൂലിക്കുന്ന സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേൽക്കുമെന്നുള്ള വേദനയാണ്. എന്നാല്‍, എനിക്കിത് ജീവിതവും കിടപ്പാടവും നഷ്ടപ്പെടുന്നതിന്റെ വേദനയാണ്. എന്നെപ്പോലെ ഒരുപാട് പേര്‍ വേദനിക്കുന്നുണ്ട്. അവര്‍ക്ക് സര്‍ക്കാര്‍ വ്യക്തമായ ഒരു മറുപടി നല്‍കണം'- മനോജ് ആവശ്യപ്പെടുന്നു.

60 ലക്ഷം രൂപയാണ് സ്ഥലത്തിന്റെ മതിപ്പുവില. അത് ലഭിച്ചാല്‍ എട്ടര സെന്റ് സ്ഥലവും എല്ലാ സൗകര്യങ്ങളോടും കൂടിയ വീടും വില്‍ക്കാന്‍ തയ്യാറാണെന്നും മനോജ് പറഞ്ഞു.

'ഇതുവരെ സൈബർ ആക്രമണമുണ്ടായില്ല'

തനിക്കെതിരെ ഇതുവരെ സൈബർ ആക്രമണമൊന്നും ഉണ്ടായില്ലെന്ന് പറയുന്നു വീട് വിൽക്കുമെന്ന് പോസ്റ്റിട്ട വീട്ടമ്മയായ സനില ഡർബിൻ. 50 ലക്ഷം രൂപയുടെ വീടും സ്ഥലവും 40 ലക്ഷത്തിന് വിൽക്കാമെന്നായിരുന്നു സനിലയുടെ 'ഓഫർ'. പോസ്റ്റിനൊപ്പം വീടിന്റെ ചിത്രവും ചേര്‍ത്തിട്ടുണ്ട്. മാമ്മൂട് മരിയന്‍ ലൈനിലാണ് ഇവര്‍ താമസിക്കുന്നത്. ആറ് സെന്റ് സ്ഥലവും എല്ലാ സൗകര്യങ്ങളോടും കൂടിയ വീടാണിത്. അമ്മയും ഭര്‍ത്താവും മൂന്നു കുട്ടികളുമാണ് വീട്ടിലുള്ളത്. 40 ലക്ഷം രൂപ ലഭിച്ചാൽ വീടും സ്ഥലവും വില്‍ക്കുമെന്ന് തന്നെ ഇവര്‍ ഉറപ്പിച്ചു പറയുന്നു.

സനിലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

ഞാന്‍ ചങ്ങനാശ്ശേരി മാടപ്പള്ളി പഞ്ചായത്തില്‍ താമസിക്കുന്ന ഒരു വ്യക്തി ആണ്. കെ-റെയില്‍ പാതയിലുള്ള എന്റെ വീടും സ്ഥലവും ഞാന്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ഈ വീടിനും സ്ഥലത്തിനും 50 ലക്ഷം രൂപ ചെലവായിട്ടുണ്ട്. ഇപ്പോള്‍ കേരള സര്‍ക്കാര്‍ നാല് ഇരട്ടി വില പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ്. അത്രയും പണം സ്വീകരിക്കാനുള്ള കപ്പാസിറ്റി ഇല്ലാത്തതുകൊണ്ട് ഞാന്‍ എന്റെ സ്ഥലം 40 ലക്ഷം രൂപക്ക് വില്‍ക്കുവാന്‍ ആഗ്രഹിക്കുന്നു.

കെ-റെയിലിനെ അനുകൂലിക്കുന്ന ഏതെങ്കിലും മഹത് വ്യക്തികള്‍ക്ക് ഈ വീട് വാങ്ങുവാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ ഇത് വാങ്ങിയതിന് ശേഷം നാല് ഇരട്ടി ലാഭത്തിന് അവകാശികളാകാം. വേണ്ടവര്‍ അറിയിക്കുക, വേണ്ടാത്തവര്‍ ആവശ്യമുള്ളവരിലേക്ക് ഷെയര്‍ ചെയ്യുക. 

Tags:    
News Summary - 'House for sale' board in k rail project area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.