നീലേശ്വരം: സ്വകാര്യ സ്ഥാപനത്തിൽനിന്ന് എടുത്ത വായ്പ തിരിച്ചടച്ചില്ല എന്ന കേസിൽ പട്ടികവർഗ വിഭാഗത്തിൽപെട്ട കുടുംബത്തിന്റെ വീടും പറമ്പും ജപ്തിചെയ്തു. വായ്പ പണം പതിവായി പിരിക്കുന്ന കലക്ഷൻ ഏജന്റ് അടക്കാൻ ഏൽപിച്ച പണവുമായി മുങ്ങിയതാണ് ജപ്തി നടപടിയിലേക്ക് നീങ്ങിയതെന്ന് പറയുന്നു.
ഇതോടെ അഞ്ചംഗ കുടുംബം ടെന്റ് കെട്ടി താമസിക്കേണ്ടിവന്നു. മടിക്കൈ പഞ്ചായത്തിലെ മാവിലത്ത് പുളിക്കാലിലെ വെള്ളച്ചി-കണ്ണൻ ദമ്പതികളുടെ മകൾ സി.കെ. സിന്ധുവിന്റെ വീടാണ് ജപ്തി ചെയ്തത്.
കാഞ്ഞങ്ങാട് പ്രവർത്തിക്കുന്ന മഹീന്ദ്ര ആൻഡ് മഹീന്ദ്ര ശാഖ ധനകാര്യ സ്ഥാപനത്തിന്റെ പരാതിയെ തുടർന്ന് കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്ന് സെപ്റ്റംബർ 23നാണ് ജപ്തിനടപടി. വീടിന്റെ ചുമരിൽ ധനകാര്യസ്ഥാപനം ഫ്ലക്സ് ബോർഡും നോട്ടീസും പതിച്ച് വീടിന് പൂട്ടിട്ടു. സിന്ധുവിന്റെ മകൻ സി.കെ. സിനീഷ് 2021 ഡിസംബർ 21നാണ് കാഞ്ഞങ്ങാട് മഹീന്ദ്ര ധനകാര്യ സ്ഥാപനത്തിൽനിന്ന് മടിക്കൈ പഞ്ചായത്ത് അനുവദിച്ച വീടുനിർമാണം പൂർത്തിയാക്കാൻ രണ്ടു ലക്ഷം രൂപ വായ്പയെടുത്തത്.
മഹീന്ദ്രയുടെ ലോൺ ഏജന്റ് ചെറുപുഴയിലെ ടിനു മുഖാന്തരമാണ് വായ്പ എടുത്തത്. വായ്പയുടെ തിരിച്ചടവ് തുക വായ്പ എടുത്തതുമുതൽ എല്ലാമാസവും ലോൺ ഏജന്റ് ടിനു മടിക്കൈയിലെ വീട്ടിലെത്തി വാങ്ങിയിരുന്നു. ഇങ്ങനെ ഒന്നര ലക്ഷം രൂപ സിനീഷിന്റെ അക്കൗണ്ട് മുഖാന്തരം അടച്ചിരുന്നു. എന്നാൽ, അടച്ച പണത്തിന് രസീത് നൽകിയില്ല. എജന്റ് ടിനുവിനെ അന്വേഷിച്ച് കാഞ്ഞങ്ങാട് മഹീന്ദ്രയുടെ ശാഖയിൽ അന്വേഷിച്ചപ്പോൾ മലപ്പുറത്തേക്ക് സ്ഥലംമാറി പോയി എന്നാണറിയിച്ചത്. ഇതിനിടയിൽ വായ്പ കുടിശ്ശിക വർധിച്ചതോടെ ധനകാര്യസ്ഥാപനം കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. സിന്ധുവിന്റെ മകൻ സിനീഷ് കൂലിപ്പണിയെടുത്താണ് വായ്പ തിരിച്ചടവ് നടത്തിയിരുന്നത്.
പിന്നീട് 60,000 രൂപയുമായി മഹീന്ദ്രയുടെ കാഞ്ഞങ്ങാട് ശാഖയിൽ സിന്ധുവും മകൻ സിനിഷും തിരിച്ചടക്കാൻ എത്തിയിരുന്നുവെങ്കിലും പണമടക്കാൻ സമ്മതിച്ചില്ല. 75 വയസ്സുള്ള പിതാവ് കണ്ണൻ, 65 വയസ്സായ അമ്മ വെള്ളച്ചി, 22 വയസ്സായ സിന്ധുവിന്റെ മകൾ ധന്യ, മകൻ സിനീഷ് അടക്കം താമസിക്കുന്ന വീടാണ് ജപ്തി ചെയ്തത്. ഇപ്പോൾ വീടിനോടുചേർന്ന് ഓലകൊണ്ട് നിർമിച്ച പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയ പന്തലിലാണ് ഈ കുടുംബം കഴിയുന്നത്. കഴിഞ്ഞ ഒരുമാസമായി നിത്യരോഗിയായ പ്രായംചെന്ന അച്ഛനെയും അമ്മയേയും പ്രായപൂർത്തിയായ മകളെയും കൊണ്ട് പ്ലാസ്റ്റിക് കൂരയിലാണ് കഴിയുന്നത്. വീട് ജപ്തിചെയ്ത സംഭവമറിഞ്ഞ് കോൺഫെഡറേഷൻ ഓഫ് പട്ടികജാതി-വർഗ ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് എൻ. ബാബു, ജില്ല കോൺഗ്രസ് നേതാവ് സജീവൻ മടിവയൽ എന്നിവർ ജപ്തി നടപടിയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.