കൊച്ചി: കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർക്കായി സത്യസായി ഓർഫനേജ് ട്രസ്റ്റ് നിർമിച്ച വീടുകൾ ഒക്ടോബർ 15നകം ഉപയോഗയോഗ്യമാക്കണമെന്ന് ഹൈകോടതി. ഈ കാലാവധിക്കകം 36 കുടുംബങ്ങൾക്ക് സുരക്ഷിതമായി ഈ വീടുകളിൽ താമസിക്കാൻ കഴിയണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.
ഇതിനകം അറ്റകുറ്റപ്പണി എങ്ങനെ പൂർത്തിയാക്കാമെന്നത് സംബന്ധിച്ച് ബുധനാഴ്ച രാവിലെ 11ന് ഹരജിക്കാർ കാസർകോട് ജില്ല കലക്ടറുമായി ചർച്ച നടത്തണമെന്നും ഉത്തരവിൽ പറയുന്നു. ഇക്കാര്യത്തിൽ സ്വീകരിച്ച റിപ്പോർട്ട് ഒക്ടോബർ നാലിന് വിഷയം വീണ്ടും പരിഗണിക്കുമ്പോൾ അറിയിക്കണം. വീടുകൾ സർക്കാർ ഏറ്റെടുത്ത് കൈമാറാത്തതിനെതിരെ സത്യസായി ഓർഫനേജ് ട്രസ്റ്റാണ് ഹൈകോടതിയെ സമീപിച്ചത്. 81 വീടുകളാണ് നിർമിച്ചിരിക്കുന്നത്. വൈദ്യുതി കണക്ഷനടക്കം കിട്ടുന്നതിലെ കാലതാമസമാണ് വീടുകൾ കൈമാറുന്നതിന് തടസ്സമായത്. വീടുകൾ കൈമാറുന്നതിൽ ഇനിയും കാലതാമസം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
36 കുടുംബങ്ങളെ അർഹരായി തെരഞ്ഞെടുത്തിട്ടുണ്ടെന്നും വീടുകൾ കൈമാറുന്നതിന് തടസ്സങ്ങളില്ലെന്നും കോടതിയിൽ ഓൺലൈൻ മുഖേന ഹാജരായിരുന്ന കാസർകോട് ജില്ല കലക്ടർ കെ. ഇൻബശേഖർ അറിയിച്ചു. അറ്റകുറ്റപ്പണിക്കുള്ള തുകയും ഹരജിക്കാർ അനുവദിക്കുമെന്ന് അറിയിച്ചിട്ടുള്ളതായി സർക്കാർ വ്യക്തമാക്കി. അറ്റകുറ്റപ്പണി നടത്താനുള്ള സന്നദ്ധത ഹരജിക്കാരും അറിയിച്ചു. 36 കുടുംബങ്ങൾക്ക് സഹായകമാകുമല്ലോയെന്നതാണ് പരിഗണിക്കുന്നതെന്ന് കോടതി പറഞ്ഞു.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് അധികാരികളുടെ മാത്രമല്ല, സമൂഹത്തിന്‍റെയും പിന്തുണ ആവശ്യമാണ്. വാടകവീടുകളിൽ ദുരിതപൂർണ ജീവിതം നയിക്കുന്ന ഇവർക്ക് വലിയ ആശ്വാസമായിരിക്കും സ്വന്തം വീട്. നിർമാണം പൂർത്തിയാക്കിയിട്ടും കൈമാറാൻ കഴിയാത്ത അവസ്ഥ പരിതാപകരമാണ്. മൂന്ന് വർഷമായി ഹരജി കോടതിയുടെ പരിഗണനയിലുണ്ട്. വീടുകൾ യഥാസമയം കൈമാറാത്തതിനാൽ ജീർണാവസ്ഥയിലായെന്നും പുനർനിർമിക്കാൻ 24 ലക്ഷം വേണമെന്നും ഇക്കാര്യത്തിൽ നടപടികൾ വേണമെന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.