നെടുങ്കണ്ടം: ബാങ്ക് അധികൃതർ ജപ്തിക്കെത്തിയപ്പോൾ വീട്ടമ്മ പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വീട്ടമ്മയുടെ മൃതദേഹവുമായി ബാങ്കിനു മുന്നിൽ പ്രതിഷേധിച്ചു. നെടുങ്കണ്ടം ചക്കക്കാനം ആനിക്കുന്നേൽ ദിലീപിന്റെ ഭാര്യ ഷീബയുടെ (49) മൃതദേഹവുമായി എസ്.എൻ.ഡി.പി യൂനിയന്റെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ആംബുലൻസിൽ എത്തിച്ച മൃതദേഹം ഞായറാഴ്ച നാലോടെ നെടുങ്കണ്ടം പടിഞ്ഞാറെ കവലയിൽ സൗത്ത് ഇന്ത്യൻ ബാങ്ക് പടിക്കൽ വാഹനം നിർത്തിയായിരുന്നു പ്രതിഷേധം.
യൂനിയൻ പ്രസിഡന്റ് സജി പറമ്പത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വീട്ടമ്മയുടെ മരണത്തിനുത്തരവാദിയായ ബാങ്ക് മാനേജരെ അറസ്റ്റ് ചെയ്യണമെന്നും പൊലീസിന്റെ വീഴ്ച അന്വേഷിക്കണമെന്നും മരണപ്പെട്ട ഷീബയുടെ ആശ്രിതർക്ക് ജോലി നൽകണമെന്നും സജി പറമ്പത്ത് ആവശ്യപ്പെട്ടു. ഷീബയുടെ വായ്പ അടച്ചുതീര്‍ക്കുന്നത് സംബന്ധിച്ച് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്കിടെയാണ് ബാങ്ക് അധികൃതര്‍ കോടതിയെ സമീപിച്ച് ഉത്തരവ് സമ്പാദിച്ച് ജപ്തി നടപടികളിലേക്ക് നീങ്ങിയതെന്നും ആരോപണമുണ്ട്. വായ്പ സംബന്ധിച്ച് തിങ്കളാഴ്ച കോടതി ഹിയറിങ്ങിന് വിളിച്ചിരുന്നു. അതിനുപോലും കാത്തുനിൽക്കാതെ തിടുക്കപ്പെട്ട് ജപ്തി നടപടിയിലേക്ക് നീങ്ങിയത് വ്യക്തമാക്കണമെന്നും ബാങ്ക് മാനേജർ ധിക്കാരമായി ജപ്തി നടപടികൾ നടത്തുകയായിരുന്നുവെന്നും ഇവർ ആരോപിച്ചു. ഷീബ ദിലീപിന്റെ കുടുംബം ഭൂമി വാങ്ങിയപ്പോൾ 15 ലക്ഷം രൂപയാണ് വായ്പ നിലനിന്നിരുന്നത്. ഇത് 66 ലക്ഷം രൂപയിലധികമായത് എങ്ങനെയാണെന്ന് ബാങ്ക് വ്യക്തമാക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക രംഗത്തെ നൂറുകണക്കിനാളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തു. തുടർന്ന് മൃതദേഹം എസ്.എൻ.ഡി.പി ഹാളിൽ പൊതുദർശനത്തിന് വെച്ചു. വൈകീട്ട് ആറോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 2.30ഓടെയാണ് ഷീബ പെട്രോളൊഴിച്ച് തീകൊളുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.