കൊച്ചി: കേരളത്തിന്റെ 25 വർഷത്തെ വികസനം മുന്നിൽകണ്ട് സി.പി.എം തയാറാക്കിയ 'നവകേരളത്തിനായുള്ള പാർട്ടി കാഴ്ചപ്പാട്' എത്രത്തോളം പ്രായോഗികമാണെന്ന ചോദ്യം ഉയർത്തി സംസ്ഥാന സമ്മേളനം. വികസന രേഖയിൻമേൽ ആരംഭിച്ച പ്രതിനിധികളുടെ ചർച്ചക്കിടെയാണ് ഒറ്റപ്പെട്ടതെങ്കിലും ശ്രദ്ധേയമായ ഈ ചോദ്യം ഒരു പ്രതിനിധിയിൽനിന്ന് ഉയർന്നത്. 25 വർഷത്തെ വികസനത്തെ മുൻനിർത്തിയുള്ള നിർദേശം സ്വാഗതാർഹമാണ്.
എന്നാൽ, നിർദേശങ്ങൾ പ്രായോഗികമാക്കുന്നതിനെ കുറിച്ചുള്ള സംശയങ്ങൾ നിലനിൽക്കുന്നു. അതിനെക്കുറിച്ച് രേഖ വിശദമാക്കുന്നില്ല. നടപ്പാക്കുന്നതിൽ പല അപ്രായോഗികതകളും ഇല്ലേയെന്ന് ചോദിച്ച പ്രതിനിധി, ശിപാർശകൾ മുൻഗണനാടിസ്ഥാനത്തിൽ വേണം നടപ്പാക്കാനെന്നും നിർദേശിച്ചു. ഈ ഒറ്റപ്പെട്ട ശബ്ദം ഒഴിച്ച് ഇന്നലെ സംസാരിച്ചവരാരും വിമർശനം ഉന്നയിച്ചില്ല. രേഖ അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച അഭിപ്രായങ്ങൾക്ക് മറുപടി പറയും.
കാർഷിക മേഖല ശക്തിപ്പെടുത്താൻ നിർദേശം ഉൾപ്പെടുത്തണമെന്നും അതിനായി തൊഴിൽ സേന രൂപവത്കരിക്കണമെന്നും ചിലർ പറഞ്ഞു. കാർഷിക ഉൽപന്നങ്ങൾ സംഭരിക്കാൻ സംവിധാനമില്ല, വിപണന സംവിധാനവും ശക്തിപ്പെടുത്തേണ്ടതുണ്ട്. ഐ.ബി. സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ കാട്ടാക്കട മണ്ഡലത്തിൽ നടപ്പാക്കുന്ന ജലസംരക്ഷണ പദ്ധതി മാതൃകയിൽ ജലസംരക്ഷണ, ജലസ്രോതസ്സ് നവീകരണ പ്രവർത്തനങ്ങൾ നടത്തണം.
തോട്ടം മേഖലയിൽ സങ്കീർണമായ പ്രശ്നങ്ങളാണ് നിലനിൽക്കുന്നതെന്ന് ഇടുക്കിയിൽനിന്നുള്ള പ്രതിനിധികൾ പറഞ്ഞു. തോട്ടം തൊഴിലാളികളുടെ വേതനം വർധിപ്പിക്കേണ്ടതുണ്ട്. തൊഴിലാളികളുടെ ലയങ്ങൾ ഒട്ടും വാസയോഗ്യമല്ല. ഈ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.