കോട്ടയം: സ്ത്രീകളും കുട്ടികളുമടങ്ങുന്ന കേരാള്‍ സംഘത്തിനുനേരെ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ആറ് കുടുംബങ്ങളിലെ 25 പേര്‍ക്ക് പള്ളിയില്‍ അഭയംപ്രാപിക്കേണ്ടിവന്ന സംഭവം അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടു.
കോട്ടയം കുമ്പാടി സെൻറ് പോള്‍സ് ആംഗ്ലിക്കല്‍ പള്ളിയിലാണ് കുടുംബം കഴിയുന്നത്. സംഭവത്തെക്കുറിച്ച് കോട്ടയം ജില്ല പൊലീസ് മേധാവിയും കലക്ടറും അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് കമീഷൻ നിർദേശിച്ചു. പുതുവത്സരത്തിലും ഇവര്‍ക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാനാവാത്ത അവസ്ഥയാണുള്ളത്. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച ഊരുവിലക്കാണ് കുടുംബത്തിന് വീടുകളിലേക്ക് മടങ്ങാന്‍ കഴിയാത്തത്.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന കേരാള്‍ സംഘത്തിനുനേരെ ഡിസംബർ 23ന് രാത്രിയാണ് ആക്രമണമുണ്ടായത്. സംഘത്തിലുണ്ടായിരുന്ന ബി.ടെക് വിദ്യാർഥിനിക്ക് കല്ലേറില്‍ കണ്ണിന് താഴെ പരിക്കേറ്റു. കേരാള്‍ സംഘം രക്ഷപ്പെടാൻ കയറിയ പള്ളിക്കു നേരെയും ആക്രമണമുണ്ടായി.
സംഭവവുമായി ബന്ധപ്പെട്ട് ചിങ്ങവനം പൊലീസ് ഏഴ് യുവാക്കളെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യംകിട്ടി പുറത്തിറങ്ങി. ഇതോടെ ഭീഷണി കൂടിയെന്ന് പള്ളിയില്‍ താമസിക്കുന്നവര്‍ പറയുന്നു.
പള്ളിയിലേക്ക് വരുന്ന വാഹനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. പരിക്കേറ്റവരെ പള്ളിയില്‍ സന്ദര്‍ശിക്കാനെത്തിയ മുന്‍ മുഖ്യമന്ത്രിയെവരെ തടഞ്ഞതായി പരാതിയുണ്ട്. പള്ളിയില്‍ താമസിക്കുന്നവരുടെ സുരക്ഷക്ക് രണ്ട് പൊലീസുകാർ കാവലുണ്ട്. ആക്രമിച്ച 12 പേരില്‍ അഞ്ചുപേരെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമീഷൻ സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.