കണ്ണൂർ: രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രങ്ങളിലൊന്നായ ഇന്ത്യക്ക് കളങ്കമാണെന്ന് ബിഷപ്പ് ഡോ. അലക്സ് വടക്കുംതല. റാഞ്ചിയിലെ ആദിവാസികളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈശോസഭാ വൈദീകനായ ഫാ. സ്റ്റാൻ സ്വാമിയെ ഭീമ കൊറേഗാവ് കേസിൽ എൻ.െഎ.എ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റാൻ സ്വാമി നടത്തുന്ന മനുഷ്യാവകാശ പ്രവർത്തനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യയിൽ നടമാടുന്ന തീവ്രമനുഷ്യാവകാശ ലംഘനങ്ങൾ രാജ്യത്തിന് നാണക്കേടാണ്. അത് ലോകത്തിൽ നമ്മുടെ പൈതൃകത്തിനും അഭിമാനത്തിനും കളങ്കം ഏൽപ്പിക്കുന്നതാണെന്നും ഫാ.അലക്സ് വടക്കുംതല കുറ്റപ്പെടുത്തി.
ഹാഥറസിലെ ദലിത് പെൺകുട്ടിക്കുണ്ടായ ക്രൂര പീഡനവും അതേതുടർന്ന് അരങ്ങേറിയ നീതിനിഷേധവും വലിയ തിന്മകളാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. മെഴുകുതിരി കത്തിച്ചുകൊണ്ട് കണ്ണൂർ കാൽടെക്സ് ഗാന്ധി സ്‌ക്വയറിൽ നടത്തിയ കൂട്ടായ്മയിൽ ഈശോസഭ സന്യാസസഭാംഗം ഫാ. ജോ മാത്യു, കെ.ൽ.സി.എ സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ, എൻ.കെ.ഡി.സി.എഫ് രൂപത ട്രഷറർ ജെറി, ഉർസുലിൻ സന്യാസസഭ പ്രൊവിൻഷ്യൽ സിസ്റ്റർ വീണ എന്നിവർ സംസാരിച്ചു.
ഭീമ കൊറേഗാവ് കേസിൽ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്റ്റാൻ സ്വാമിയെ റാഞ്ചിക്കടുത്തുള്ള ബഗെയ്ച്ചയിലെ വസതിയിൽനിന്ന് എൻ.ഐ.എ കഴിഞ്ഞിദിവസമാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 50 വർഷമായി ഝാർഖണ്ഡിലെ പട്ടികവർഗക്കാരുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിൽ സജീവമാണ് 83കാരനായ സ്റ്റാൻ സ്വാമി.
ജൂലൈ 27 മുതൽ 30 വരെയും ആഗസ്റ്റ് 16നുമായി അഞ്ചു ദിവസങ്ങളിൽ എൻ.ഐ.എ 15 മണിക്കൂർ തന്നെ ചോദ്യം ചെയ്തതായി പ്രസ്താവനയിൽ സ്വാമി വ്യക്തമാക്കിയിരുന്നു. മാവോവാദികളുമായി സ്വാമിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ അദ്ദേഹത്തിെൻറ കമ്പ്യൂട്ടറിൽനിന്ന് ലഭിച്ചെന്നായിരുന്നു അന്വേഷണ സംഘത്തിെൻറ ആരോപണം. എന്നാൽ, അവയെല്ലാം കെട്ടിച്ചമച്ചതാണെന്നും കള്ളത്തരത്തിലൂടെ തെൻറ കമ്പ്യൂട്ടറിൽ എത്തിച്ചതാണെന്നും സ്വാമി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.