തിരുവനന്തപുരം: സർക്കാർ ഉത്തരവ് ലംഘിക്കാൻ കെ.എസ്.ആർ.ടി.സി ക്ക് കീഴിലുള്ള പാപ്പനംകോട് ശ്രീചിത്തിരതിരുനാൾ എഞ്ചീനീയറിങ് കോളജ് ഗവേണിങ് ബോഡിന് അധികാരമില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.
സർക്കാർ നിയന്ത്രണത്തിലുള്ള ഒരു കോളജ് സർക്കാർ ഉത്തരവ് നടപ്പിലാക്കാതിരിക്കുന്നത് നിയമ വിരുദ്ധമാണെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിൽ പറഞ്ഞു. 2021 ൽ കീം അലോട്ട്മെന്റ് വഴി എഞ്ചീനീയറിങ് ചേർന്ന ചപ്പാത്ത് സ്വദേശി സിദ്ധാർഥ് സമർപ്പിച്ച പരാതിയിലാണ് നടപടി.
പരാതിക്കാരൻ 52,758 രൂപ ഫീസൊടുക്കിയിരുന്നു. തുടർന്ന് സ്പോട്ട് അഡ്മിഷൻ വഴി ബാർട്ടൻഹിൽ എഞ്ചീനീയറിങ് കോളജിൽ പ്രവേശനം ലഭിച്ചു. ഫീസ് തിരികെ ആവശ്യപ്പെട്ടെങ്കിലും 52,578 രൂപയിൽ കാഷ്വൽ ഡിപ്പോസിറ്റ് മാത്രമാണ് തിരികെ ലഭിച്ചത്.
2022 ജൂൺ ഏഴിലെ ഉത്തരവ് പ്രകാരം സ്പോട്ട് പ്രവേശനം വഴി പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് മുമ്പ് പ്രവേശനം നേടിയ കോളജിൽ അടച്ച ഫീസ് തിരികെ ലഭിക്കാൻ അർഹതയുണ്ട്. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് ഈ ഉത്തരവ് സർക്കാർ ഇറക്കിയത്. എന്നാൽ സർക്കാർ ഉത്തരവ് ശ്രീചിത്തിര തിരുനാൾ കോളജ് അവഗണിച്ചു.
കോളജ് പ്രിൻസിപ്പലിൽ നിന്നും കമ്മീഷൻ വിശദീകരണം വാങ്ങി. സ്പോട്ട് പ്രവേശനം ലഭിച്ച് മാറിപ്പോകുന്ന വിദ്യാർഥികൾക്ക് കോളജിൽ അടച്ച ട്യൂഷൻ ഫീസ് തിരികെ നൽകേണ്ടതില്ലെന്ന് 2022 ജൂലൈ 23 ന് ചേർന്ന കോളജ് ഗവേണിംഗ് ബോഡി തീരുമാനമെടുത്തിട്ടുണ്ടെന്ന് പ്രിൻസിപ്പൽ അറിയിച്ചു. സർക്കാർ ഉത്തരവ് പ്രകാരം വിദ്യാർഥിക്ക് താനൊടുക്കിയ ഫീസ് തിരികെ ലഭിക്കാൻ അർഹതയുണ്ടെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു.
സർക്കാർ ഉത്തരവ് ഇറക്കിയാൽ അതു നടപ്പിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്കെല്ലാം ബാധ്യതയുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. പരാതി കക്ഷിക്ക് അദ്ദേഹം അടച്ച ഫീസ് അടിയന്തിരമായി തിരികെ നൽകാൻ കോളജ് അധികൃതർ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും ഉത്തരവ് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.