കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ മുഖ്യ പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടിൽ പൊലീസ് പരിശോധന പൂർത്തിയാക്കി. കൊച്ചി ഗാന്ധിനഗറിലെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധന ആറ് മണിക്കൂർ നീണ്ടു. സ്വർണം പണയം വെച്ചതിന്റെയും സ്കോർപിയോ ഉൾപ്പെടെയുള്ള വാഹനങ്ങളുടെയും രേഖകൾ പൊലീസ് കണ്ടെടുത്തു.
ഷാഫിയുടെ ഭാര്യയെയും ചോദ്യം ചെയ്തു. 40000 രൂപ ഷാഫി നൽകിയതായി ഭാര്യ മൊഴി നൽകി. വണ്ടി വിറ്റ് കിട്ടിയ പണം എന്ന് പറഞ്ഞാണ് നൽകിയത്. അതുകൊണ്ട് പണയം വച്ച സ്വർണം എടുത്തു എന്നും ഇവർ മൊഴി നൽകി. ഇവരുടെ ഹോട്ടലിലും പൊലീസ് പരിശോധന നടത്തിയിരുന്നു.
കേസിലെ പ്രതികളായ ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഷാഫിയുടെ വീട്ടിൽ പരിശോധന നടത്തിയത്.
മൂന്നു സ്റ്റേഷനുകളിലെ ലോക്കപ്പുകളിലായി പാർപ്പിച്ചിരുന്ന പ്രതികളെ രാവിലെ പൊലീസ് ക്ലബിൽ എത്തിച്ചാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. പ്രതികളെ ഒറ്റക്കും ഒരുമിച്ചുമിരുത്തി ചോദ്യം ചെയ്തു.
സെപ്റ്റംബർ 26 ന് തമിഴ്നാട് സ്വദേശിനിയായ പത്മയെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ നാലര പവൻ ആഭരണം കൊച്ചി ഗാന്ധി നഗറിലെ സ്ഥാപനത്തിൽ പണയം വെച്ചെന്നാണ് ഷാഫിയുടെ മൊഴി. ഒരു ലക്ഷത്തി പതിനായിരം രൂപക്കാണ് ആഭണങ്ങൾ പണയപ്പെടുത്തിയത്. ഇതിൽ നിന്നാണ് 40000 രൂപ ഭാര്യക്ക് നൽകിയത്.
ഭഗവൽ സിങും ഷാഫിയും തമ്മിൽ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് നടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളും മറ്റു വിശദാംശങ്ങളും പൊലീസ് ഷാഫിയുടെ വീട്ടിൽ നിന്നും കണ്ടെത്തി.
ഇരകളെ കണ്ടെത്തുന്നതിനും അവരെ ഇലന്തൂരിൽ എത്തിക്കുന്നതിനും ഉപയോഗിച്ച വാഹനങ്ങളുടെ രേഖകളും പരിശോധനയിൽ കിട്ടിയിട്ടുണ്ട്. എന്നാൽ ഈ വാഹനങ്ങളൊന്നും ഷാഫിയുടെ പേരിലല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.