കൊച്ചി: ഇലന്തൂർ നരബലിക്കേസിൽ അവയവ കച്ചവടത്തിന് വേണ്ടിയല്ല കൊലപാതകമെന്ന് പൊലീസ്. ഈ കേസിൽ അവയവക്കച്ചവടമെന്നത് സാമാന്യബോധത്തിന് നിരക്കാത്തതാണ്. ഇത്രയും വൃത്തിഹീനമായ സാഹചര്യത്തിൽ നടക്കുന്നതല്ല അവയവ ദാനം. പ്രധാനപ്രതി ഷാഫി ഒരുപക്ഷേ അവയവ ദാനമെന്ന് പറഞ്ഞ് ഭഗവൽസിങ്ങിനെയും ലൈലയെയും സ്വാധീനിച്ചിട്ടുണ്ടാകാമെന്നും കൊച്ചി സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.
പ്രധാനപ്രതി ഷാഫി കൊലപാതകം സംബന്ധിച്ച് പല കഥകളും ഉണ്ടാക്കുന്നുണ്ട്. അതെല്ലാം ശരിയാകണമെന്നില്ല. പൊലീസ് എല്ലാം തള്ളിക്കളയുന്നുമില്ല. ഫേസ്ബുക് അക്കൗണ്ടുകൾ വഴിയാണ് ഷാഫി പ്രതികളുമായി അടുത്തത്. സോഷ്യൽ മീഡിയയിൽ നന്നായി ഇടപെടാൻ അറിയാവുന്നവരാണ് ഷാഫിയും മറ്റ് പ്രതികളും.
മൃതദേഹഭാഗങ്ങളുടെ പോസ്റ്റുമോർട്ടം പൂർത്തിയായിട്ടില്ല. ഏറെ കഷണങ്ങളായതിനാൽ സമയം കൂടുതലെടുക്കുകയാണ്. പോസ്റ്റുമോർട്ടം കഴിഞ്ഞ് റിപ്പോർട്ട് ലഭിക്കുമ്പോൾ കുറച്ചുകൂടി വിവരങ്ങൾ ലഭിക്കും.
പത്മയുടേയും റോസ്ലിന്റേയും ശരീരഭാഗങ്ങള്‍ മുറിച്ചത് ഷാഫിയായിരിക്കണം. ഒരു അറവുകാരനെപ്പോലെയാണ് ഇയാള്‍ പെരുമാറിയത്. ഷാഫിക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോയെന്നതിന് ഇപ്പോൾ തെളിവൊന്നുമില്ല. എന്നാൽ, ഇക്കാര്യവും തള്ളിക്കളയുന്നില്ല -കമീഷണർ വ്യക്തമാക്കി.
ഷാഫി കൂടുതൽ പേരെ ഇരകളാക്കിയതിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ഡി.സി.പി എസ്. ശശിധരൻ പറഞ്ഞു. പ്രതികൾക്കെതിരെ കൂടുതൽ ശാസ്ത്രീയ തെളിവുകളുണ്ട്. അവ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.