തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ ചികിത്സനിരക്ക് നിശ്ചയിക്കാൻ കർണാടക നിയമസഭ സ്വകാര്യ മെഡിക്കൽ എസ്റ്റാബ്ലിഷ്മെൻറ് നിയമഭേദഗതി ബിൽ പാസാക്കിയ പശ്ചാത്തലത്തിൽ കേരളവും അതേ മാതൃകയിൽ നിയമനിർമാണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. നിയമനിർമാണം സംബന്ധിച്ച് ചീഫ് സെക്രട്ടറി ഒരു മാസത്തിനകം വിശദീകരണം നൽകണമെന്ന് കമീഷൻ ആക്റ്റിങ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു.
സ്വകാര്യ ആശുപത്രികളിലെ ചികിത്സകൊള്ള അവസാനിപ്പിക്കുന്നതിന് പര്യാപ്തമായ നിയമനിർമാണം നടത്തണമെന്ന് നിരവധിതവണ മനുഷ്യാവകാശ കമീഷൻ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സക്കെത്തുന്ന സാധുക്കളെ വിവിധ ചികിത്സരീതികളുടെ പേരിൽ കൊള്ളയടിക്കുന്ന പ്രവണത തുടരുകയാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. നിയമനിർമാണത്തിലൂടെ മാത്രമേ ഇത് തടയാനാകൂ. ജീവിക്കാനുള്ള അവകാശം ഭരണഘടനാദത്തമാണ്. നിയമനിർമാണം വന്നാൽ സ്വകാര്യ ആശുപത്രികളിലെ ഫീസ് സർക്കാർ നിശ്ചയിക്കും. ഇക്കാര്യത്തിൽ കമീഷെൻറ ഉത്തരവുകൾ സർക്കാർ അവഗണിക്കുന്നതായി ഉത്തരവിൽ പറയുന്നു. കൊച്ചി നഗരസഭ കൗൺസിലർ തമ്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.