തിരുവനന്തപുരം: പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളടക്കം ജലവൈദ്യുത മേഖലയിലെ പുതിയ ചുവടുവെപ്പുകൾക്ക് ധനപ്രതിസന്ധി തടസ്സമാകാതിരിക്കാൻ ശ്രമം. വായ്പയെടുത്തല്ലാതെ ഇത്തരം പദ്ധതികൾ യാഥാർഥ്യമാക്കാനാകാത്ത സാഹചര്യത്തിൽ ലോക ബാങ്ക് ഉൾപ്പെടെ വിവിധ ഏജൻസികളെ കെ.എസ്.ഇ.ബി സമീപിച്ചിട്ടുണ്ട്.
ആഭ്യന്തര വൈദ്യുതി ഉൽപാദനസാധ്യതകൾ ഉപയോഗപ്പെടുത്തുന്നില്ലെന്ന വിമർശനം നിലനിൽക്കെയാണ് നിർമാണഘട്ടത്തിലുള്ള പദ്ധതികൾ പൂർത്തിയാക്കാനും സാധ്യമായ ഇടങ്ങളിൽ പുതിയതിനുള്ള നടപടികൾ വേഗത്തിലാക്കാനും നീക്കം തുടങ്ങിയത്.
വൈദ്യുതി ഉൽപാദിപ്പിച്ച ശേഷം വെള്ളം ഉയരത്തിലെ റിസർവോയറിലേക്ക് പമ്പ് ചെയ്ത് സൂക്ഷിച്ച് പീക്ക് സമയങ്ങളിൽ വീണ്ടും ടർബൈനുകൾ പ്രവർത്തിപ്പിക്കുന്ന പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ ഒമ്പതിടങ്ങളിൽ നടപ്പാക്കാനാണ് പദ്ധതി.
കക്കയം (900 മെഗാവാട്ട്), ഇടുക്കി (700 മെഗാവാട്ട്), പള്ളിവാസൽ (600 മെഗാവാട്ട്), അമൃത പമ്പ (300 മെഗാവാട്ട്), അപ്പർ ചാലിയാർ (360 മെഗാവാട്ട്), മറയൂർ (160 മെഗാവാട്ട്), മുതിരപ്പുഴ, പൊരിങ്ങൽ (100 മെഗാവാട്ട് വീതം), മഞ്ഞപ്പാറ (30 മെഗാവാട്ട്) എന്നിവയാണിവ. ഇതിൽ മുതിരപ്പുഴ, മഞ്ഞപ്പാറ പദ്ധതികൾക്ക് സർക്കാർ അനുമതി നൽകി. തുടർനടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ പര്യാപ്തമായ നിലയിലല്ല കെ.എസ്.ഇ.ബിയുടേയും സർക്കാറിന്റേയും സാമ്പത്തിക സ്ഥിതി.
എനർജി മാനേജ്മെന്റ് സെൻറർ നടത്തിയ പഠനങ്ങളിലും ചെറുകിട ജലവൈദ്യുത പദ്ധതികൾക്കും പമ്പ്ഡ് സ്റ്റോറേജുകൾക്കും അനുകൂലമായ സാഹചര്യമാണ് ചൂണ്ടിക്കാട്ടുന്നത്. തദ്ദേശ, സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ സംരംഭകർ എന്നിവരുടെ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾക്ക് ബാധകമാവുന്ന കരട് നയം ഊർജ വകുപ്പ് പരിശോധിച്ചുവരുകയുമാണ്. ഈ സാഹചര്യത്തിലാണ് വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതികളിലേക്ക് ശ്രദ്ധ നൽകാൻ കെ.എസ്.ഇ.ബി ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.