മലയാളി മനസില്‍ സൂക്ഷിക്കുന്ന സ്ത്രീധനത്തിന്റെ തുലാസ് നീക്കം ചെയ്താലേ അതിന്‍റെ പേരിലുണ്ടാകുന്ന അതിക്രമങ്ങള്‍ ഒഴിവാക്കാൻ സാധിക്കുകയുള്ളുവെന്ന് നടന്‍ സലീം കുമാര്‍. കൊല്ലത്ത് വിസ്മയ എന്ന പെണ്‍കുട്ടിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തനിക്കും പങ്കുണ്ടെന്നും വിസ്മയയുടെ ഭര്‍ത്താവിന് ലഭിക്കുന്ന അതേ ശിക്ഷക്ക് താനും അര്‍ഹനാണെന്നും സലീം കുമാര്‍ പറഞ്ഞു.
'സ്ത്രീധന ഭാരത്താല്‍ തൂങ്ങിയാടാനുള്ളതല്ല സ്ത്രീ ജിവിതങ്ങള്‍' എന്ന് സന്ദേശം ഉയര്‍ത്തി ഡി.വൈ.എഫ്.ഐ നടത്തിയ യുവജന ജാഗ്രതാ സദസില്‍ സംസാരിക്കുകയായിരുന്നു സലീം കുമാര്‍.
ഓരോ പെണ്‍കുട്ടികളും മരിച്ച് വീഴുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാവാറുണ്ട്. പിന്നീട് മറ്റൊരു വിഷയം വരുമ്പോള്‍ അതെല്ലാം മാഞ്ഞുപോകും. മരുഭൂമിയില്‍ പെയ്യുന്ന മഴ പോലെ അത് വറ്റിപോകും. ക്രൈം ബ്യൂറോയുടെ കണക്ക് അനുസരിച്ച് 4 മാസത്തിനുള്ള ആയിരത്തി എണ്‍പതോളം ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കുറ്റപത്രങ്ങളാണ് ഫയല്‍ ചെയ്യുന്നത്.
ഇവിടെ സ്ത്രീകള്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിക്കുന്നതിന്റെ കാരണങ്ങളില്‍ 50 ശതമാനവും സ്ത്രീധനം എന്ന് പറയുന്ന, കൊവിഡിനേക്കാള്‍ മാരകമായ വിപത്താണ്. കൊവിഡിന് വാക്‌സിനേഷന്‍ ഉണ്ട്. എന്നാല്‍ കാലങ്ങളായി ഈ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരത്തിനെതിരെ വാക്‌സിനേഷന്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
വിസ്മയയുടെ മരണത്തില്‍ എനിക്കും ഉത്തരവാദിത്തം ഉണ്ട്. ഭര്‍ത്താവിന് കൊടുക്കുന്ന ശിക്ഷക്ക് അതേ ഉത്തരവാദിയാണ് സലീം കുമാറും. ഈ കോവിഡിന്റെ ഭീതിജനകമായ സാഹചര്യത്തില്‍ ആ പെണ്‍കുട്ടിക്ക് വീട്ടില്‍ വന്നു നില്‍ക്കാമായിരുന്നു. സൈക്യാര്‍ടിസ്റ്റിന്റെ ഉപദേശങ്ങള്‍ തേടാമായിരുന്നു. 20 ാം തിയ്യതിയാണ് ആ പെണ്‍കുട്ടി കൊല്ലപ്പെടുന്നതെങ്കില്‍ അതിന്റെ എത്രയോ ദിവസങ്ങള്‍ക്ക് മുമ്പ് ആ പെണ്‍കുട്ടി മാനസികമായി മരിച്ച് കഴിഞ്ഞിരുന്നു.
മലയാളി മനസില്‍ സൂക്ഷിക്കുന്ന തുലാസ് നീക്കം ചെയ്താലേ സ്ത്രീധനത്തിന്റെ പേരിലുണ്ടാവുന്ന അതിക്രമങ്ങള്‍ ഒഴിവാക്കുകയുള്ളൂ. ആണ്‍കുട്ടികള്‍ ഉള്ള എല്ലാ വീട്ടിലും ഓരോ തുലാസ് ഉണ്ട്. വരുന്ന സ്ത്രീധനത്തിന്റെ തൂക്കം നോക്കാന്‍. ആ ത്രാസ് പിടിച്ചെടുക്കുക. എനിക്ക് രണ്ട് ആണ്‍മക്കളാണ്. എന്‌റെ വീട്ടിലും ത്രാസ് ഉണ്ട്. അത് ഒഴിവാക്കുകയാണ്.- സലിം കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.