ഖത്തർ: താന്‍ ഒളിവിലാണെന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറും പീസ് സ്‌കൂളുകളുടെ മാനേജിങ് ഡയറക്ടറുമായ എം.എം അക്ബര്‍. ജോലി ആവശ്യാർഥമാണ് താൻ ഖത്തറില്‍ തങ്ങുന്നത്. ഇത്തരം വ്യാജ പ്രചരണങ്ങളിലൂടെ ഇസ് ലാമോഫോബിയ വളര്‍ത്താനാണ് ശ്രമിക്കുന്നതെന്നും എം.എം അക്ബർ പറഞ്ഞു.
ഖത്തറില്‍ വിസയുള്ള എം.എം അക്ബര്‍ യു.എ.ഇയിലും ഖത്തറിലുമായി വിവിധ പരിപാടികളില്‍ ഇപ്പോഴും സജീവമാണ്. ഇതിനിടയിലാണ് താന്‍ ഒളിവിലാണെന്ന തരത്തിലുള്ള വിചിത്രമായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടത്. പീസ് ഇന്‍റര്‍നാഷണല്‍ സ്‌കൂളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി രണ്ടുതവണ കേരളത്തില്‍ പോയിരുന്നുവെന്നും എം.എം അക്ബര്‍ വ്യക്തമാക്കി.
ഇസ് ലാം പേടിയുടെ വ്യാപനമാണ് ഇപ്പോള്‍ പീസ് സ്‌കൂളിനെതിരെയും തനിക്കെതിരെയുമുള്ള പ്രചാരണളിലൂടെ നടക്കുന്നത്. കേരളത്തിലെ മുസ് ലിം സംഘടനകള്‍ ഇത്തരം നീക്കങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായി നിലകൊള്ളണം. പൊലീസില്‍ നിന്നുണ്ടായതിനെക്കാള്‍ വലിയ പ്രയാസമാണ് സ്‌കൂളിനെതിരായ മാധ്യമ പ്രചാരണങ്ങള്‍ സ്യഷ്ടിച്ചതെന്നും എം.എം അക്ബര്‍ പറഞ്ഞു.
എല്ലാതരം അതിരുകവിയലുകളും ഒഴിവാക്കേണ്ടതാണെന്നും സന്തുലിതമായ ജീവിത വീക്ഷണം ശീലിക്കാന്‍ യുവാക്കള്‍ തയാറാവണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.