തരൂരിന്‍റെ നീക്കങ്ങൾ പാര്‍ട്ടി വിരുദ്ധമാണെന്ന് കരുതുന്നില്ല -താരിഖ് അൻവർ

ന്യൂഡൽഹി: ശശി തരൂരിന്‍റെ നീക്കങ്ങൾ പാര്‍ട്ടി വിരുദ്ധമാണെന്ന് കരുതുന്നില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. തരൂരിനെതിരെ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. ചെറിയ വിഷയമാണ് നിലവിലുള്ളത്. എ.ഐ.സി.സി അടിയന്തരമായി ഇടപെടേണ്ട സാഹചര്യമില്ല. ഇത് കെ.പി.സി.സിക്ക് പരിഹരിക്കാനാകും. മറ്റന്നാൾ കേരളത്തിലെത്തി കോഴിക്കോട്ട് നേതാക്കളെ കാണുമെന്നും അദ്ദേഹം അറിയിച്ചു.

ശശി തരൂർ മലബാർ ജില്ലകളിലെ മതമേലധ്യക്ഷന്മാരെയും മുന്നണി നേതാക്കളെയും പാർട്ടി പ്രവർത്തകരെയും അടക്കം കണ്ട് നടത്തുന്ന പര്യടനം കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായിരുന്നു. കോഴിക്കോട് നടന്ന സെമിനാറിൽനിന്ന് യൂത്ത് കോൺഗ്രസും കണ്ണൂരിലെ പരിപാടിയിൽനിന്ന് ഡി.സി.സിയും വിട്ടുനിന്നത് വൻ വിവാദമായിരുന്നു.

യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സെമിനാറിന്റെ നടത്തിപ്പിൽനിന്ന് പിന്മാറിയതിന് കാരണം കണ്ടെത്തണമെന്നാവശ്യപ്പെട്ട് എം.കെ രാഘവൻ എം.പി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എന്നിവർക്ക് കത്തയച്ചിരുന്നു. വിഭാഗീയ പ്രവർത്തനമെന്നും ഗ്രൂപ്പിസമെന്നും തരൂരിന്റെ പരിപാടികളെ പരോക്ഷമായി വിമർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നടപടിയെ എതിർത്ത് കെ. മുരളീധരൻ എം.പിയും രംഗത്ത് വന്നിരുന്നു. 

Tags:    
News Summary - I don't think Tharoor's moves are anti-party -Tariq Anwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.