മതം മാറ്റാൻ താൽപര്യമില്ല, സജിതക്ക് ഇഷ്ടമുള്ളതുപോലം ജീവിക്കാം- റഹ്മാൻ

പാലക്കാട്: സജിതയെ താന്‍ മതം മാറ്റിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് റഹ്മാൻ. അവള്‍ക്കിഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാം. എനിക്ക് താല്‍പര്യമൊന്നുമില്ല മതം മാറ്റാന്‍. അവളുടെ രീതിയില്‍ അവള്‍ ജീവിക്കട്ടെ. അത്തരം പ്രചരണം തെറ്റാണ്. മതം നോക്കിയില്ല സ്‌നേഹിച്ചത്,' റഹ്മാന്‍ വ്യക്തമാക്കി.

സജിത ലവ് ജിഹാദിന്റെ ഇരയാണെന്ന് സംഘപരിവാര്‍ വൃത്തങ്ങളില്‍ നിന്നും ആരോപണമുയർന്നിരുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയും സന്ദീപ് വചസ്പതിയുമുള്‍പ്പെടയുള്ളവരാണ് ലവ് ജിഹാദ് ആരോപണവുമായി രംഗത്തെത്തിയത്.

'ഇതിനെ ദിവ്യ പ്രണയമായി അംഗീകരിച്ച് തൊണ്ട തൊടാതെ വിഴുങ്ങാനൊന്നും പറ്റില്ല. ഒരു പെണ്‍കുട്ടിയെ 10 വര്‍ഷം ലൈംഗിക അടിമയാക്കിയുള്ള പീഡനമാണ് സംഭവിച്ചത്. വന്‍ ക്രിമിനല്‍ പ്രവര്‍ത്തനം. അല്ലാതെ മൊയ്തീൻ കാഞ്ചന മാല ടൈപ്പ് പ്രണയം ഒന്നുമല്ല. ഇതേപ്പറ്റി സമഗ്രമായ അന്വേഷണം വേണം. അല്ലാതെ ഇയാള്‍ പറയുന്ന കഥ വിശ്വസിച്ചാല്‍ വലിയ ഒരു കുറ്റകൃത്യമാണ് തേഞ്ഞുമാഞ്ഞു പോവുക. സ്റ്റോക്‌ഹോം സിന്‍ഡ്രോം ബാധിച്ച പെണ്‍കുട്ടിയെ അടിയന്തിരമായി വിദഗ്ധ ചികിത്സയ്ക്ക് വിധേയയാക്കണം,' സന്ദീപ് വചസ്പതി ഫേസ്ബുക്കില്‍ കുറിച്ചു.

Full View

ഇതിനിടെ പത്ത് വർഷം മുൻപ് നഷ്ടപ്പെട്ടെന്ന് കരുതിയ മകളെ കാണാൻ സജിതയുടെ മാതാപിതാക്കളെത്തി. വിത്തിനശ്ശേരിയിലെ വാടക വീട്ടിലെത്തിയാണ് വേലായുധനും ശാന്തയും മകളെയും മരുമകനെയും കണ്ടത്. പത്തു വര്‍ഷം മുൻപ് കാണാതായ മകളെ കണ്ടതിലുള്ള സന്തോഷം ആ രക്ഷിതാക്കള്‍ പങ്കുവെച്ചു.

അയിലൂരിലെ റഹ്‌മാന്‍റെ വീട്ടിലെ ഒറ്റമുറിയില്‍ പത്ത് വര്‍ഷത്തോളമാണ് സജിത ഒളിച്ചു ജീവിച്ചത്. വ്യത്യസ്ത മതങ്ങളില്‍പ്പെട്ട ഇരുവരും വീട്ടുകാരെ ഭയന്നതുകൊണ്ടാണ് ഒളിവിൽ കഴിഞ്ഞതെന്ന് വ്യക്തമാക്കി. മൂന്നു മാസം മുമ്പ് വീട് വിട്ടിറങ്ങിയ റഹ്മാനെ കഴിഞ്ഞ ദിവസം സഹോദരന്‍ യാദൃശ്ചികമായി കണ്ടെത്തിയതോടെയാണ് നാടിനെ നടുക്കിയ പ്രണയകഥ പുറം ലോകം അറിയുന്നത്.

Tags:    
News Summary - I don't want to change religion, Sajitha can live as she pleases - Rahman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.